മുഖംമൂടികള്‍ ധരിച്ചെത്തിയ അക്രമികള്‍  മുറിയുടെ വാതിലുകള്‍ പൊളിച്ച് കത്തികളും ഇരുമ്പുവടികളുമായി അകത്തു കയറുകയായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി.

ദില്ലി: മലയാളികളായ രണ്ടു വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ആക്രമം നടന്ന ഒഡീഷയിലെ ചാര്‍ഭട്ടി കുചിന്ദയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഒഡീഷാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി (പിസിസി) നിയമിച്ച അന്വേഷണസംഘം സന്ദര്‍ശിച്ചു. അക്രമത്തിന് സാക്ഷികളായവരുമായി കോണ്‍ഗ്രസ് പ്രതിനിധി സംഘം സംസാരിച്ചു. സംഭവമുണ്ടായപ്പോള്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉന്നതതല അന്വേഷം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ ഒഡീഷ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.സി.വേണുഗോപാലിന്‍റെ നിര്‍ദ്ദേശ പ്രകാരം ഒഡീഷാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചത്.

മുഖംമൂടികള്‍ ധരിച്ചെത്തിയ അക്രമികള്‍ മുറിയുടെ വാതിലുകള്‍ പൊളിച്ച് കത്തികളും ഇരുമ്പുവടികളുമായി അകത്തു കയറുകയായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. ടെലിവിഷന്‍ തകര്‍ക്കുകയും, വിലപ്പെട്ട രേഖകളും ഫയലുകളും നശിപ്പിക്കുകയും, മൊബൈലുകളും ആള്‍ട്ടോ കാറിന്റെ താക്കോലും ആക്രമികള്‍ കവര്‍ന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഫാ.സില്‍വിനെ അക്രമികള്‍ ക്രൂരമായി മര്‍ദ്ധിച്ചു. പാചകക്കാരി മാര്‍സെല്ലിനയെ കെട്ടിയിട്ടു. അക്രമികള്‍ ദേവാലയത്തിലെ അല്മാരിയില്‍ നിന്ന് 2.5 ലക്ഷം രൂപയും ഫാ. സില്‍വിന്റെ അല്മാരിയില്‍ നിന്ന് 30,000 രൂപയും കവര്‍ന്നു. ഇതിന് ശേഷം വധഭീക്ഷണി മുഴക്കിയതായും അന്വേഷണ സംഘത്തിന് സാക്ഷികള്‍ മൊഴി നല്‍കി.ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്നും സുന്ദര്‍ഗഢ് ജില്ലയില്‍ ക്രിസ്ത്യന്‍ മിഷനറികളില്‍ നാലും സംബല്‍പൂര്‍ ജില്ലയിലെ ഒരു കേസുമാണ് ഇതിന് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാ. സില്‍വിന്‍ കെ.എസ്. നല്‍കിയ പരാതി പ്രകാരം കുചിന്ദ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിനിധി സംഘം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണ പുരോഗതി വിലയിരുത്തി.കുറ്റവാളികളെ എത്രയും വേഗം പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും കത്തോലിക്ക സഭയ്ക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും കോണ്‍ഗ്രസ് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. 

രാജ്യത്ത് വര്‍ധിക്കുന്ന മത അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയില്‍ വെച്ച് കന്യാസ്ത്രീകള്‍ക്കെതിരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം. മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രി സംഘത്തിന് ട്രെയിനില്‍വെച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എന്നാല്‍ നിരപാധികള്‍ക്ക് ആശ്രയമാകുന്നതിന് പകരം, യുപി പൊലീസ് ആക്രമത്തിന് വിധേയരായ കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന്റെ പേരില്‍ 18 മണിക്കൂറോളം മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. മാനുഷിക പരിഗണന നല്‍കാതെ പൊലീസ് സംഘപരിവാര്‍ രാഷ്ട്രീയത്തിനൊത്ത് പ്രവര്‍ത്തിക്കുകയാണ്. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സംഘപരിവാറിന്റെ ബലത്തില്‍ അധികാര ദുരുപയോഗം നടത്തുന്ന പൊലീസ് സംവിധാനം രാജ്യത്തിന് വലിയ നാണേക്കേടാണ് ഉണ്ടാക്കിയതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ കത്തോലിക വിശ്വാസികളും വൈദികരും കൂടുതല്‍ അക്രമണത്തിന് വിധേയരാകുന്നത്. സംഘടിതമായ ആക്രമണമാണ് ക്രൈസ്തവ സമൂഹത്തിന് നേരെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മോദി ഭരണത്തില്‍ രാജ്യത്തുണ്ടായത്. ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ അപലപനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിയമനടപടി ഉണ്ടാകണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. എംഎല്‍എ സി.എസ്. റാസന്‍ എക്ക ചെയര്‍മാനായി ഒഡീഷ പിസിസി അധ്യക്ഷന്‍ ഭക്ത ദാസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണസംഘത്തില്‍ പിസിസി മുന്‍ ജനറല്‍ സെക്രട്ടറി ദുര്‍ഗ പത്ഹി, എഐസിസി അംഗം അമിത ബിസ്വാല്‍, പിസിസി സെക്രട്ടറി ദില്ലിപ് ദുരിയ, കുചിന്ദ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കേദാര്‍ ബരിഹ എന്നിവര്‍ ഉണ്ടായിരുന്നു.