മുംബൈ: ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് രംഗത്ത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്. രാജ്യസ്നേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന് ലഭിക്കേണ്ട ആവശ്യമില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെയും മന്‍മോഹന്‍ സിംഗ് രൂക്ഷമായി വിമര്‍ശിച്ചു. മഹാരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നിലായിരുന്നു. എന്നാല്‍, ഇന്ന് കര്‍ഷക ആത്മഹത്യയുടെ കാര്യത്തിലാണ് മഹാരാഷ്ട്ര മുന്നില്‍ നില്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ കയറ്റുമതി, ഇറക്കുമതി നയമാണ് കര്‍ഷകരുടെ ജീവിതം തകര്‍ത്തത്. വ്യാവസായിക വളര്‍ച്ചാ മുരടിപ്പിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോകുന്നതന്നും അദ്ദേഹം പറഞ്ഞു. 

രണ്ടാം യുപിഎയുടെ കാലത്താണ് പൊതുമേഖലാ ബാങ്കുകള്‍ തകര്‍ച്ച നേരിട്ടതെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ആരോപണം മറുപടിയര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്താതെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. തന്‍റെ കാലത്തും ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍, അഞ്ചര വര്‍ഷമായി ഇവര്‍ ഭരിക്കുന്നു. ഒരു കൃത്യമായ പരിഹാരം ഇനിയുമുണ്ടായിട്ടില്ല. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് വലിയ കാരണക്കാര്‍ ബിജെപി സര്‍ക്കാറാണ്. നഗരമേഖലകളില്‍ മൂന്നിലൊരുഭാഗം യുവാക്കളും തൊഴില്‍ രഹിതരാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.