ദില്ലി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതില്‍ അത്ഭുതമില്ലെന്ന് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ മൊറാര്‍ജി. സിന്ധ്യ പാര്‍ട്ടി വിട്ടത് ദൗര്‍ഭാഗ്യകരമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടിയിരുന്നുവെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തതിന് മറുപടിയായാണ് നഗ്മയുടെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിരവധി പേര്‍ക്ക് അതൃപ്തിയുണ്ട്. പക്ഷേ അത് മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പൂര്‍ണപരാജയമാണ്. ഇത് പ്രത്യയശാസ്ത്രപരമായ പ്രശ്നമല്ല. പാര്‍ട്ടിക്കുവേണ്ടിയുള്ള ഒരാളുടെ കഠിനാധ്വാനത്തെ തിരിച്ചറിയുകയും അര്‍ഹതപ്പെട്ടത് നല്‍കുകയുമാണ് വേണ്ടത്. സിന്ധ്യ പാര്‍ട്ടി വിട്ടതില്‍ അത്ഭുതമില്ല. അയാള്‍ക്ക് പിന്നാലെ ധാരാളം പേരുണ്ട്-നഗ്മ ട്വീറ്റ് ചെയ്തു.

യുവനേതാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ സന്തുലിതമായ അവസരമുണ്ടാകണം. അനുഭവ സമ്പത്ത് പ്രധാനമാണെന്നതില്‍ തര്‍ക്കമില്ല. 17 വര്‍ഷം സീനിയര്‍ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചയാളുടെ കഠിനാധ്വാനം അംഗീകരിക്കണം. രാജ്യസേവനത്തിന് നമ്മള്‍ പ്രതിജ്ഞാബദ്ധമാണെന്ന് മറ്റൊരു ട്വീറ്റില്‍ നഗ്മ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ആറ് മന്ത്രിമാരടക്കം 22 എംഎല്‍എമാരോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. സിന്ധ്യ ബുധനാഴ്ച ബിജെപിയില്‍ ചേരുകയും ചെയ്തു. ബിജെപിയില്‍ അംഗത്വമെടുത്ത സിന്ധ്യക്ക് ഭോപ്പാലില്‍ വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ടെ സ്വീകരണ പരിപാടിക്ക് എത്തിയിരുന്നു.