തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്മാരോട് രാജി വയ്ക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. നിർദ്ദേശത്തിന് പിന്നാലെ ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,ഗോവ പിസിസി അധ്യക്ഷന്മാർ സ്ഥാനം രാജി വച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോടും, സഹചുമതലയുളളവരോടും രാജി വാങ്ങണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്
ദില്ലി: കോൺഗ്രസ്(Congress) നേതൃത്വത്തിനെതിരായ ഗ്രൂപ്പ് 23ന്‍റെ (Group 23) വിശാലയോഗം ഇന്ന് നടക്കും. കേരളത്തിൽ നിന്നടക്കമുള്ള അസംതൃപ്തരായ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. അതേസമയം, സോണിയാ ഗാന്ധിയുടെ നിർദേശത്തിന് പിന്നാലെ മൂന്ന് പിസിസി അധ്യക്ഷന്മാർ രാജിവച്ചു.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്മാരോട് രാജി വയ്ക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. നിർദ്ദേശത്തിന് പിന്നാലെ ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,ഗോവ പിസിസി അധ്യക്ഷന്മാർ സ്ഥാനം രാജി വച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോടും, സഹചുമതലയുളളവരോടും രാജി വാങ്ങണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പിസിസി അധ്യക്ഷന്മാരോട് മാത്രം രാജി ആവശ്യപ്പെട്ടതിലാണ് അതൃപ്തി ഉയർന്നിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയടക്കമുള്ള ജനറൽ സെക്രട്ടറിമാരും ഉത്തരവാദികളല്ലേ എന്നാണ് ഒരു വിഭാഗം ചോദ്യമുയർത്തുന്നത്.
കൂട്ടത്തോൽവിക്ക് പിന്നാലെ നവ്ജ്യോത് സിംഗ് സിദ്ദു ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാന അധ്യക്ഷന്മാര്‍ രാജിവെക്കണമെന്ന സോണിയ ഗാന്ധിയുടെ തീരുമാനം പരസ്യമാക്കിയത് കെ സി വേണുഗോപാലിന് പകരം രൺദീപ് സിംഗ് സുര്‍ജേവാല ആണ്. തെരഞ്ഞെടുപ്പ് കാലത്ത് സംഘടനയെ ചലിപ്പിക്കാത്തതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം പിസിസി അധ്യക്ഷന്മാര്‍ക്കാണെന്ന പ്രവര്‍ത്തക സമിതി വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ച്പേരെയും പുറത്താക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന.
അച്ചടക്ക നടപടികളിലേക്ക് കടന്നാലും നേതൃമാറ്റമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ നിലപാട്. നിര്‍ണ്ണായക നീക്കവുമായി ഇന്ന് രാത്രി 7 മണിക്ക് ചേരുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് തീരുമാനം. ഗാന്ധി കുടുംബത്തോടും, കെ സി വേണുഗോപാലിനോടും അമര്‍ഷമുള്ള കേരളത്തില്‍ നിന്നുള്ള ചില നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യവ്യാപകമായേക്കാവുന്ന വിമത നീക്കത്തെ കുറിച്ചുള്ള കൃത്യമായ സന്ദേശം നല്‍കി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ തന്നെയാണ് തീരുമാനം. ഈ നീക്കം ശരി വെക്കുന്നതായി ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറി മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമെന്ന കപില്‍ സിബലിന്‍റെ പ്രതികരണം. എന്തധികാരത്തിലാണ് പ്രസിഡന്‍റല്ലാത്ത രാഹുല്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിബല്‍ ചോദിച്ചു. പാര്‍ട്ടിയുടെ എബിസിഡി അറിയില്ലെന്ന് തിരിച്ചടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനുമായ അശോക് ഗലോട്ട് സിബലിനെ തള്ളി പറഞ്ഞു.
