ഭിന്നിപ്പിച്ച് ഭരിക്കുന്ന കറുത്ത ഇംഗ്ലീഷുകാരനാണ് മോദി എന്ന സിദ്ദുവിന്‍റെ പരാമർശത്തിന് മറുപടി നല്‍കുകയായിരുന്നു ബിജെപി നേതാവ് സമ്പിത് പത്ര.

ദില്ലി: കോൺഗ്രസ് നേതാവ് നവജ്യോത് സിം​ഗ് സിദ്ദു മോദിക്കെതിരെ നടത്തിയ പരാമർശം കോണ്‍ഗ്രസിന്‍റെ മനസിലിരിപ്പ് തെളിയിക്കുന്നതെന്ന് ബിജെപി. ഭിന്നിപ്പിച്ച് ഭരിക്കുന്ന കറുത്ത ഇംഗ്ലീഷുകാരനാണ് മോദി എന്നായിരുന്നു സിദ്ദുവിന്‍റെ പരാമർശം.

വംശീയതയും സ്ത്രീവിരുദ്ധതയും മാത്രമുള്ള പാർട്ടിയാണ് കോൺഗ്രസെന്ന് ബിജെപി വക്താവ് സമ്പിത് പത്ര ആരോപിച്ചു. എല്ലാ ഇന്ത്യക്കാരെയും സിദ്ധു അപമാനിച്ചുവെന്നും സമ്പിത് പത്ര കൂട്ടിച്ചേര്‍ത്തു. 

വളകള്‍ കൊണ്ട്‌ വെറുതെ ശബ്ദമുണ്ടാക്കുന്ന നവവധുവിനെപ്പോലെയാണ്‌ മോദി എന്ന്‌ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് നവജ്യോത് സിംഗ് സിദ്ദു മോദിക്കെതിരെ ആഞ്ഞടിച്ചത്. 

അവർ കുറച്ച് റൊട്ടികൾ മാത്രമേ ഉണ്ടാക്കുകയുള്ളു. പക്ഷെ വളകൾ കിലുക്കി വലിയ ശബ്ദമുണ്ടാക്കുന്നതിനാല്‍ അവര്‍ വളരെയധികം ജോലി ചെയ്യുകയാണെന്ന് അയൽക്കാർ കരുതും. ഇതാണ് മോദി സർക്കാരിന്‍റെ കാര്യത്തിലും നടക്കുന്നതെന്ന് സിദ്ദു പറഞ്ഞു. 

ടൈംസ് മാസികയുടെ കവര്‍ സ്റ്റോറിയെ സൂചിപ്പിച്ച്‌ മോദി കള്ളം പറയുന്നതിന്‍റെ തലവന്‍, ഭിന്നിപ്പിക്കലിന്‍റെ തലവന്‍, അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജര്‍ ഒക്കെയാണെന്നും സിദ്ദു ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബിജെപി നേതാക്കളെ 'കറുത്ത തൊലിയുള്ള ബ്രിട്ടീഷുകാര്‍' എന്ന്‌ വിളിച്ചുള്ള നവജ്യോത് സിംഗ് സിദ്ദുവിന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.