ദില്ലി: പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് സച്ചിൻ പൈലറ്റ് രം​ഗത്തെത്തിയതിനു പിന്നാലെ അദ്ദേഹവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് കോൺ​ഗ്രസ്. പറയാനുള്ളത് പാർട്ടിക്കകത്ത് പറയണം. മാധ്യമങ്ങൾ വഴിയല്ല സംസാരിക്കേണ്ടത്. രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞെന്നും കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജെവാല പറഞ്ഞു.

ജ്യോതിരാതിദ്യ സിന്ധ്യയെ പോലെ സച്ചിനും ബിജെപി ക്യാംപിലെത്തുമെന്ന് ചില കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം സച്ചിൻ ഇന്ന് പൂർണമായും തള്ളിയിരുന്നു. തനിക്കെതിരെ കോൺ​ഗ്രസ് നേതാക്കൾ കള്ളപ്രചാരണം നടത്തുകയാണ്. താൻ ബിജെപിയിലേക്ക് പോകില്ല. ഇപ്പോഴും കോൺ​ഗ്രസുകാരൻ തന്നെയാണെന്നും സച്ചിൻ ഇന്ന് പറഞ്ഞിരുന്നു, രാജസ്ഥാനിൽ ബിജെപിക്കെതിരെ പോരാടി അവരെ പരാജയപ്പെടുത്തിയത് താനാണെന്നും സച്ചിൻ ഓർമ്മിപ്പിച്ചിരുന്നു. 

വിമത എംഎൽഎമാരെ ഗുരുഗ്രാമിലെത്തിച്ച്  ദില്ലിയിലേക്ക് വന്ന സച്ചിൻ പൈലറ്റ് രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു.  ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ സ്ഥാനങ്ങളിൽ നിന്ന് സച്ചിനെ മാറ്റിയ എഐസിസി നേതൃത്വം അദ്ദേഹത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.