എം എൽ എമാർ കൈവിട്ട് പോകില്ലെന്ന ആത്മവിശ്വാസത്തിലാണ് സോറനും സംഘവും മടങ്ങിയെത്തിയതെന്നാണ് വിലയിരുത്തലുകൾ. റാഞ്ചി വിട്ട മുഖ്യമന്ത്രിയും എം എല്‍ എമാരും രാത്രിയോടെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ തിരിച്ചെത്തിയത്
റാഞ്ചി: ജാർഖണ്ഡില്‍ എന്ത് സംഭവിക്കുമെന്നറിയാൻ ഉറ്റുനോക്കുകയാണ് രാജ്യം. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ എം എൽ എ പദവിയടക്കം അയോഗ്യത കൽപ്പിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശത്തിൽ ഗവർണർ ഇനിയും തീരുമാനമെടുക്കാത്തതോടെ അർധരാത്രിയിലേക്ക് കാര്യങ്ങൾ നീളുകയാണ്. എം എൽ എ മാരെ ബി ജെ പി റാഞ്ചുമെന്ന ഭയത്താൽ തലസ്ഥാനമായ റാഞ്ചി വിട്ട ഹേമന്ത് സോറനും സംഘവും രാത്രിയോടെ മടങ്ങിയെത്തിയിട്ടുണ്ട്. എം എൽ എമാർ കൈവിട്ട് പോകില്ലെന്ന ആത്മവിശ്വാസത്തിലാണ് സോറനും സംഘവും മടങ്ങിയെത്തിയതെന്നാണ് വിലയിരുത്തലുകൾ. റാഞ്ചി വിട്ട മുഖ്യമന്ത്രിയും എം എല്‍ എമാരും രാത്രിയോടെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ തിരിച്ചെത്തിയത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കുന്നതില്‍ ഗവർണറുടെ തീരുമാനം നീളുകയാണ്. അയോഗ്യത വിഷയത്തില്‍ ഗവർണറുടെ പ്രഖ്യാപനം വരാനിരിക്കെ മന്ത്രിമാരും ജെ എം എം - കോണ്‍ഗ്രസ് എം എല്‍ എമാരും ഉള്‍പ്പെടെ ഖുന്തി ജില്ലയിലെ ലത്റാതു അണക്കെട്ട് സന്ദർശിക്കാൻ പോയിരുന്നു. ഖനി കേസില്‍ ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന ശുപാർശ രണ്ട് ദിവസം മുൻപാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവർണർ രമേഷ് ഭായിസിന് നല്‍കിയത്. ഇക്കാര്യത്തിൽ ഇന്ന് ഗവർണറുടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ രാത്രി പത്ത് മണി കഴിഞ്ഞിട്ടും അതുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ രാത്രി വൈകി തീരുമാനം എന്തെങ്കിലും ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
ഖനി ലൈസൻസ് കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന നിർണായക യോഗത്തിന് ശേഷമാണ് കോൺഗ്രസ് - ജെ എം എം എം എൽ എമാരുമായി സോറൻ റാഞ്ചി വിട്ടത്. സോറന്റെ വസതിയിൽ നിന്നും രണ്ട് ബസുകളിലായാണ് എംഎൽഎമാരെ മാറ്റിയത്. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ഖനി ലൈസൻസ് കേസില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് അയോഗ്യനായി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടെയായിരുന്നു നീക്കം. ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസം മുന്‍പാണ് ഗവർണർക്ക് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗവർണർ രമേഷ് ഭായിസ് ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നും സൂചനകളുണ്ടായിരുന്നു. ഗവർണർ ഒപ്പിട്ടാൽ അതിന് ശേഷം നടപടിയെടുക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ച്അയക്കും. എന്നാല്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന. നിയമസഭാഗത്വം റദ്ദാക്കിയാൽ കോടതിയെ സമീപിക്കാൻ ജെഎംഎമ്മില്‍ ആലോചനയുണ്ട്.
അയോഗ്യനാക്കപ്പെടുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്നതാണ് പ്രതിസന്ധി. ഇതോടൊപ്പം മന്ത്രിസഭയും പിരിച്ച് വിടേണ്ടി വരും. എന്നാല്‍ മത്സരിക്കാന്‍ വിലക്കില്ലെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പില് വിജയിച്ച് ആറ് മാസത്തിനുളളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മാർഗവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. എംഎല്‍എ ആയ ബാരായിത്തില്‍ നിന്ന് തന്നെ വീണ്ടും മത്സരിച്ച് ജയിച്ചാല്‍ അഴിമതി ആരോപണത്തെ ജനം തളളിയെന്ന വാദത്തിന് ബലമാകുമെന്നാണ് സോറന്‍റെയും പാര്‍ട്ടിയുടെയും കണക്ക് കൂട്ടല്‍.
