Asianet News MalayalamAsianet News Malayalam

ജാർഖണ്ഡ്: ഹേമന്ത് സോറനെ ഇന്ന് അയോഗ്യനാക്കിയേക്കും, വീണ്ടും മത്സരിക്കാൻ വിലക്കേർപ്പെടുത്തില്ലെന്ന് സൂചന

മത്സരിക്കാന്‍ വിലക്കില്ലെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ആറ് മാസത്തിനുളളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സാധ്യത പാര്‍ട്ടി പരിശോധിക്കുന്നുണ്ട്

Jharkhand crisis continues, Governors decision likely today
Author
First Published Aug 27, 2022, 1:21 PM IST

 

ജാർഖണ്ഡ്: ഖനി ലൈസൻസ് കേസില്‍  ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് അയോഗ്യനായി പ്രഖ്യാപിച്ചേക്കും. ഗവര്‍ണർ രമേഷ് ഭായിസ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനുള്ള അനുമതി ഇന്ന് നല്‍കും. ഇതിനിടെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, എംഎല്‍എമാരുടെ യോഗം വീണ്ടും വിളിച്ചു. ധാർമികത മുന്‍നിര്‍ത്തി സർക്കാര്‍ പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യം ശക്തമാക്കുകയാണ് ബിജെപി.

ഖനി കേസില്‍ ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസം മുന്‍പാണ് ഗവർണർക്ക് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗവർണർ രമേഷ് ഭായിസ്, ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കും. അതിന് ശേഷം നടപടിയെടുക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ച് അയക്കും. എന്നാല്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന. നിയമസഭാഗത്വം റദ്ദാക്കുന്നതിനെതിരെ കോടതിയെ സമീപിക്കാൻ ജെഎംഎമ്മില്‍ ആലോചനയുണ്ട്. അയോഗ്യനാക്കപ്പെടുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്നതാണ് പ്രതിസന്ധി. ഇതോടൊപ്പം  മന്ത്രിസഭയും പിരിച്ച് വിടേണ്ടി വരും. എന്നാല്‍ മത്സരിക്കാന്‍ വിലക്കില്ലെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ആറ് മാസത്തിനുളളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സാധ്യതയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. എംഎല്‍എ ആയ ബാരായിത്തില്‍ നിന്ന് തന്നെ വീണ്ടും മത്സരിച്ച് ജയിച്ചാല്‍ അഴിമതി ആരോപണത്തെ ജനം തള്ളിയെന്ന വാദത്തിന് ബലമാകുമെന്നാണ് സോറന്‍റെയും പാര്‍ട്ടിയുടെയും കണക്കിുകൂട്ടല്‍. 

ഗവർണർ ഇന്ന് തീരുമാനം പ്രഖ്യാപിക്കാനിരിക്കെ യുപിഎ എംഎൽഎമാരുടെ യോഗം ഇന്നും ചേരും. വിശ്വാസ വോട്ടെടുപ്പ് വരെ എല്ലാവരെയും ഒന്നിച്ച് നിര്‍ത്തുകയെന്ന ഉദ്ദേശത്തിലാണ് യോഗം തുടര്‍ച്ചയായി ചേരുന്നത്. വിശ്വാസ വോട്ടെടുപ്പിലേക്ക് പോവുകയാണെങ്കില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമരയുണ്ടാകുമെന്ന ആശങ്കയുള്ളതിനാല്‍, ജെഎംഎം, കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്‍ഗഡ്, ബിഹാർ, ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയേക്കും. ഇതിനിടെ ബംഗാളില്‍  വച്ച് പണവുമായി പിടിയിലായ കോണ്‍ഗ്രസ് എംഎല്‍എമാ‍ർക്കെതിരെ പാർട്ടി നടപടി തുടങ്ങി. ഇവർക്കെതിരെ സ്പീക്കറുടെ ട്രൈബ്യൂണലില്‍ നിയമസഭാകക്ഷി നേതാവ് ആലംഗീര്‍ ആലം പരാതി നല്‍കി.

 

Follow Us:
Download App:
  • android
  • ios