കഴിഞ്ഞ 23 നാണ് കേന്ദ ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുന്നത്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് അമിത് ഷായ്ക്ക് കത്തയച്ചതെന്നത് ചൂണ്ടികാട്ടി പ്രതിപക്ഷം വലിയ വിമർശനമാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് ഷായെ ക്ഷണിച്ചതിന് പിന്നലെ ഗൂഢലക്ഷ്യമെന്തെന്ന ചോദ്യമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് വര്‍ഗീയ ശക്തികളോടുള്ള വിധേയത്വത്തിന് തെളിവാണ് അമിത്ഷായ്ക്കുള്ള ക്ഷണമെന്നാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രതികരിച്ചത്. ലാവലിനാണോ സ്വര്‍ണക്കടത്താണോ ക്ഷണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. വള്ളംകളിക്ക് മുഖ്യമന്ത്രിയെയാണ് മുഖ്യാതിഥിതിയായി നിശ്ചയിച്ചിരുന്നതെന്നും അതെങ്ങനെ മാറി മറിഞ്ഞെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി സംഘടകസമിതി നിർവാഹക സമിതി അംഗം എ എ ഷുക്കൂറും രംഗത്തെത്തി. ലാവലിന്‍ കേസും അമിത്ഷാക്കുള്ള ക്ഷണവും താരതമ്യംചെയ്ത് വി ടി ബൽറാം ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് സ്വാഭാവികം എന്ന അടിക്കുറിപ്പോടെയായിരുന്നു.
നെഹ്റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി അമിത് ഷാ; സര്‍ക്കാരിന്‍റെ വിശദീകരണം ഇങ്ങനെ
സുധാകരന്‍റെ വാക്കുകൾ
നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായും ഓണാഘോഷത്തില്‍ പങ്കെടുക്കാനും മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി തന്റെ വര്‍ഗീയ ശക്തികളോടുള്ള വിധേയത്വവും ബിജെപിയോടുള്ള സ്‌നേഹവുമാണ് പ്രകടിപ്പിച്ചത്. ഗാന്ധി ഘാതകരുടെ അനുയായികളും നെഹ്‌റു നിന്ദകരുമായ സംഘപരിവാര്‍ നേതാക്കള്‍ക്ക് സിപിഎം കേരളഘടകം നല്‍കുന്ന അമിത പ്രാധാന്യം പൊളിറ്റ് ബ്യൂറോയുടെ ആശിര്‍വാദത്തോടെയാണോയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള വള്ളംകളിയില്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അപമാനിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നവരെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടും തുടര്‍ച്ചയായി 30 തവണ മാറ്റിവെച്ചതിന്റെയും സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ ഗതിമാറിയതിന്റെയും പൊരുള്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്ത് അമിത്ഷായ്ക്കയച്ച ക്ഷണക്കത്തിന്റെ ഉള്ളടക്കത്തിലൂടെ കേരളീയ സമൂഹത്തിന് ബോധ്യമായി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തെ അയച്ച മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം സംഘപരിവാര്‍ പ്രീണന നിലപാട് ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല. ടീസ്ത സെറ്റല്‍വാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കണ്ണീരൊഴുക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ ബിജെപി മന്ത്രിമാരെ ക്ഷണിക്കാന്‍ കുമ്പിട്ട് മുട്ടിലിഴയുകയാണ്.മതേതരത്വത്തെ കുറിച്ച് അധരവ്യായാമം നടത്തുന്ന മുഖ്യമന്ത്രിയുടെ ഇരട്ടമുഖം വീണ്ടും പുറത്തായി. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊന്നുതള്ളിയ സിപിഎം രക്തസാക്ഷികളുടെ ആത്മാവും അവരുടെ കുടുംബങ്ങളും മുഖ്യമന്ത്രിയോട് ക്ഷമിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
ക്ഷണിച്ചത് മുഖ്യമന്ത്രി തന്നെ
കഴിഞ്ഞ 23 നാണ് കേന്ദ ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുന്നത്. അടുത്തമാസം മൂന്നിന് കോവളത്ത് ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്‍റെ ദക്ഷിണാമേഖലാ കൗൺസില്‍ യോഗംനടക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കുന്ന ചടങ്ങിനായി അമിത് ഷായും കേരളത്തിലെത്തും. യോഗത്തിന് ശേഷം വള്ളംകളിയിൽ കൂടി പങ്കെടുക്കണം എന്നായിരുന്നു മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.
