Asianet News MalayalamAsianet News Malayalam

'മോദിയും അമിത് ഷായും കുടിയേറ്റക്കാര്‍'; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായും സാമൂഹിക സംഘടനകളുമായും അമിത് ഷാ ചര്‍ച്ച തുടരുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കുടിയേറ്റക്കാര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് വിളിച്ചിരിക്കുന്നത്

congress leader calls modi and amith shah migrants
Author
Delhi, First Published Dec 1, 2019, 8:10 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കുടിയേറ്റക്കാരെന്ന് വിളിച്ച് ലോക്സഭ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മോദിയുടെയും അമിത് ഷായുടെയും വീടുകള്‍ ഗുജറാത്തിലാണ്. അവര്‍ ഇപ്പോള്‍ ദില്ലിയിലെത്തിയിട്ടുണ്ടെന്നും പരിഹാസം കലര്‍ത്തി രഞ്ജന്‍ ചൗധരി പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായും സാമൂഹിക സംഘടനകളുമായും അമിത് ഷാ ചര്‍ച്ച തുടരുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കുടിയേറ്റക്കാര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് വിളിച്ചിരിക്കുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും, അങ്ങനെ എല്ലാവര്‍ക്കും ഉള്ളതാണ് ഇന്ത്യ. എന്നാല്‍, മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ഭയമാണ് അവര്‍ സൃഷ്ടിക്കുന്നത്.

പക്ഷേ, അതൊന്നും ചെയ്യാനുള്ള കഴിവ് അവര്‍ക്കില്ല. ഹിന്ദുക്കള്‍ക്ക് ഇവിടെ നില്‍ക്കാമെന്നും മുസ്ലീങ്ങളെ പറഞ്ഞയക്കുമെന്ന് കാണിക്കുകയുമാണ് അവരുടെ ലക്ഷ്യം. വിദേശരാജ്യങ്ങളിലേക്ക് കുടിയേറി അവിടെ ജോലി ചെയ്യുന്നവരെ കുറിച്ച് അമിത് ഷാ പഠിക്കണം. അവര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകളെ കുറിച്ച് അറിയണം.

പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം രുചിച്ചത് പൗരത്വ ബില്‍ വിഷയത്തിലാണ്. ഇത് വീണ്ടും തുടരുകയാണെങ്കില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും തിരിച്ചടി അവര്‍ക്കുണ്ടാകുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios