ബെംഗളൂരു: മുംബൈയിലെ സ്വകാര്യ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ബെംഗളൂരുവിലേക്ക് മടങ്ങി. 

ഇന്ന് രാവിലെ ഏഴരയോടെ മുംബൈയിലെ റിനൈസണ്‍സ് ഹോട്ടലില്‍ എത്തി എംഎല്‍എമാരെ കാണാന്‍ ഡികെ ശിവകുമാര്‍ ശ്രമിച്ചെങ്കിലും മുംബൈ പൊലീസ് അദ്ദേഹത്തെ തടഞ്ഞു. തങ്ങള്‍ക്ക് ഡികെ ശിവകുമാറില്‍ നിന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയില്‍ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് വിമത എംഎല്‍എമാര്‍ ഇന്നലെ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ തടഞ്ഞത്. 

ആറ് മണിക്കൂറോളം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഡികെ ശിവകുമാര്‍ ഹോട്ടല്‍ പരിസരത്ത് കാത്തുനിന്നെങ്കിലും എംഎല്‍എമാരെ കാണാന്‍ സാധിച്ചില്ല. ശിവകുമാറിനും വിമത എംഎല്‍എമാര്‍ക്കും പിന്തുണയുമായി കൂടുതല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടല്‍ പരിസരത്ത് തടിച്ചു കൂടിയതോടെ മുംബൈ പൊലീസ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മോശം സാഹചര്യത്തില്‍ ബുക്ക് ചെയ്ത മുറി ശിവകുമാറിന് നല്‍കാനാവില്ലെന്ന് ഹോട്ടല്‍ അധികൃതരും വ്യക്തമാക്കി. 

ഇതോടെ ഹോട്ടലിന് മുന്നില്‍ പ്രതിഷേധിച്ച ശിവകുമാറിനേയും സംഘത്തേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ അടക്കമുള്ള നേതാക്കളെ പിന്നീട് വിട്ടയച്ച മുംബൈ പൊലീസ് ഡികെ ശിവകുമാറിനെ വിമാനത്താവളത്തില്‍ എത്തിച്ചു. അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് മുംബൈ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.