Asianet News MalayalamAsianet News Malayalam

പഞ്ചാബ് അസ്ഥിരത; ഉത്തരവാദിത്തം എഐസിസിക്കെന്ന് മനീഷ് തിവാരി; നിക്ഷിപ്ത താല്പര്യക്കാർ തെറ്റിദ്ധരിപ്പിക്കുന്നു

ചില നിക്ഷിപ്ത താല്പര്യക്കാർ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നു. പാർട്ടി ശക്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ ഇവർ വിമതരാക്കുന്നു എന്നും തിവാരി അഭിപ്രായപ്പെട്ടു. അതിനിടെ, പഞ്ചാബിൽ നവ്ജ്യോത് സിം​ഗ് സിദ്ദുവിന്റെ ആവശ്യങ്ങളിലൊന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അം​ഗീകരിച്ചു.

congress leader manish tiwari has blamed the aicc for the instability in punjab
Author
Delhi, First Published Oct 1, 2021, 7:46 AM IST

ദില്ലി: പഞ്ചാബിലെ അസ്ഥിരതയ്ക്ക് (Punjab) ഉത്തരവാദിത്തം എഐസിസിക്കെന്ന് (AICC) കോൺ​ഗ്രസ് (Congress) നേതാവ് മനീഷ് തിവാരി (Manish Tiwari) . ചില നിക്ഷിപ്ത താല്പര്യക്കാർ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നു. പാർട്ടി ശക്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ ഇവർ വിമതരാക്കുന്നു എന്നും തിവാരി അഭിപ്രായപ്പെട്ടു. 

അതിനിടെ, പഞ്ചാബിൽ നവ്ജ്യോത് സിം​ഗ് സിദ്ദുവിന്റെ (Navjyotsingh Sidhu) ആവശ്യങ്ങളിലൊന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി (Charanjith Singh Channi) അം​ഗീകരിച്ചു. അതിന്റെ ഭാ​ഗമായി പുതിയ ഡിജിപിക്കായുള്ള പാനൽ യുപിഎസ്സിക്കയച്ചു. സിദ്ദു നിർദ്ദേശിച്ച സിദ്ദാർത്ഥ് ചതോപദ്ധ്യായയും പാനലിൽ ഉണ്ട്. അഡ്വക്കേറ്റ് ജനറലിൻറെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. സംസ്ഥാന ഡിജിപിയെ മാറ്റിയാൽ പിസിസി അധ്യക്ഷസ്ഥാനത്ത് തുടരാം എന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സിദ്ദു അറിയിച്ചിരുന്നു.

ചൊവ്വാഴ്ച രണ്ടു മണിക്കാണ് സിദ്ദു ട്വിറ്ററിലൂടെ രാജിക്കത്ത് പുറത്തു വിട്ടത്.  48 മണിക്കൂറിനു ശേഷം ഇന്നലെ ഉച്ചയോടെ ചർച്ചയ്ക്കുള്ള ക്ഷണം സിദ്ദു അംഗീകരിച്ചു. ചണ്ഡിഗഡിൽ എത്തി മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ സിദ്ദു കണ്ടു. ഒന്നര മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ, സിദ്ദുവിൻറെ ചില നിർദ്ദേശങ്ങൾ പരിഗണിക്കാം എന്നാണ് ചന്നി അറിയിച്ചത്. മന്ത്രിമാരെ ആരെയും മാറ്റില്ല. ആഭ്യന്തരം താൻ നിർദ്ദേശിക്കുന്നയാൾക്ക് നല്കണം എന്ന ആവശ്യവും അംഗീകരിക്കില്ല. സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ കാര്യത്തിൽ ആലോചന നടക്കും. സർക്കാരും പാർട്ടിയും ഒന്നിച്ചു പോകാൻ സമിതി ഉണ്ടാക്കാം എന്ന നിർദ്ദേശവും വച്ചു. അടുത്ത മന്ത്രിസഭ യോഗം വരെ കാത്തിരിക്കാനാണ് സിദ്ദുവിൻറെ തീരുമാനം. 

സംസ്ഥാനത്ത് തന്നെ തർക്കം തീർക്കട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം. സിദ്ദു രാജി നല്കിയ രീതി അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. കേന്ദ്ര നേതാക്കൾ ഇതുവരെ സിദ്ദുവുമായി സംസാരിച്ചിട്ടില്ല. സമ്മർദ്ദത്തിന് പൂർണ്ണമായും വഴങ്ങില്ലെന്നും കേന്ദ്ര നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒത്തുതീർപ്പിനുള്ള സാധ്യത തുറന്നെങ്കിലും പ്രശ്നപരിഹാരമുണ്ടാകുമോ എന്നറിയാൻ ഒന്നു രണ്ടു ദിവസം കാത്തിരിക്കേണ്ടി വരും. 

Follow Us:
Download App:
  • android
  • ios