മുസ്തഫാബാദിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരായ സബീല ബീഗവും നാസിയ ഖാത്തൂൺ എന്നിവരും കോൺഗ്രസിൽ തിരിച്ചെത്തിയതായി അദ്ദേഹം പറഞ്ഞു.
ദില്ലി: ദില്ലിയിൽ എഎപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടിയിലേക്ക് വീണ്ടും തിരിച്ചെത്തി കോൺഗ്രസ് നേതാവ്. ദില്ലി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദിയാണ് ശനിയാഴ്ച പുലർച്ചെ ട്വിറ്ററിൽ മാപ്പുമായി എത്തിയത്. തന്റെ തെറ്റുകൾക്ക് മാപ്പ് പറയുന്നതായും അദ്ദേഹം പറഞ്ഞു. താൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്തഫാബാദിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരായ സബീല ബീഗവും നാസിയ ഖാത്തൂൺ എന്നിവരും കോൺഗ്രസിൽ തിരിച്ചെത്തിയതായി അദ്ദേഹം പറഞ്ഞു. നേരത്തെ വനിതാ നേതാക്കളും മെഹ്ദിക്കൊപ്പം എഎപിയിൽ ചേർന്നിരുന്നു.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അലി മെഹ്ദി കോൺഗ്രസിലേക്ക് തിരിച്ചെത്തിയതായി അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കിയത്. ഞാൻ ഒരു വലിയ തെറ്റ് ചെയ്തു. ഞാൻ ക്ഷമ പറയുന്നു. എന്റെ അച്ഛൻ 40 വർഷമായി കോൺഗ്രസിലാണ്. പാർട്ടി മാറിയ മറ്റ് കൗൺസിലർമാരോട് വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടു- അലി മെഹ്ദി പറഞ്ഞു. ബ്രിജ്പുരിയിൽ നിന്നുള്ള കൗൺസിലർ നാസിയ ഖാട്ടൂൻ, മുസ്തഫാബാദിൽ നിന്നുള്ള കൗൺസിലർ സബീല ബീഗം, ബ്ലോക്ക് പ്രസിഡന്റ് അലീം അൻസാരി എന്നിവരാണ് നേരത്തെ എഎപിയിൽ ചേർന്നത്. എഎപി നേതാക്കൾ പ്രലോഭിച്ചതുകൊണ്ടാണ് കോൺഗ്രസ് വിട്ടതെന്ന് ഇവർ ആരോപിച്ചു.
'ആ പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനമല്ല'; അമിത് ഷായ്ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം
കോൺഗ്രസ് വിട്ടതിന് പിന്നാലെ അലി മെഹ്ദിക്കെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. എഎപി നേതാക്കൾ കോൺഗ്രസ് പ്രവർത്തകരെ വലവീശിപ്പിടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മെഹ്ദി അലി പാമ്പിന്റെ സ്വഭാവം കാണിച്ചെന്ന് യൂത്ത് കോൺഗ്രസ് വിമർശിച്ചു. ദില്ലി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് (എംസിഡി) നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) ബുധനാഴ്ച 134 സീറ്റുകൾ നേടി വിജയിച്ചിരുന്നു. ബിജെപി 104 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് വെറും ഒമ്പത് വാർഡുകൾ മാത്രമാണ് നേടാനായത്.
