ഇപ്പോൾ നടത്തുന്ന പരിപാടികളെല്ലാം അനാവശ്യമാണെന്നും വീടും ബാല്‍ക്കണിയും ഇല്ലാത്തവർ എങ്ങനെ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും മിശ്ര ചോദിക്കുന്നു.

ദില്ലി: ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിൽ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രേം ചന്ദ്ര മിശ്ര. ഏപ്രില്‍ അഞ്ചിന് താന്‍ ദീപം തെളിയിക്കില്ലെന്നും മിശ്ര പറഞ്ഞു.

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഫെബ്രുവരിയിൽ നടത്തിയ മുന്നറിയിപ്പിനെ എന്ത് കൊണ്ട് അവഗണിച്ചു. എന്ത് കൊണ്ട് ഒരു മാസം വൈകി ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവെന്നും പ്രേം ചന്ദ്ര മിശ ചോദിച്ചു. ഇപ്പോൾ നടത്തുന്ന പരിപാടികളെല്ലാം അനാവശ്യമാണെന്നും വീടും ബാല്‍ക്കണിയും ഇല്ലാത്തവർ എങ്ങനെ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും മിശ്ര ചോദിക്കുന്നു.

കൊവിഡ് എന്ന മഹാമാരിയ്ക്കെതിരായി രാജ്യം നടത്തുന്ന പോരാട്ടത്തെ ചെറുതായി കാണുന്നില്ല. രാജ്യമൊട്ടാകെ പാത്രം കൊട്ടലിനെയും കയ്യടിയെയും പിന്തുണച്ചു. എന്നാൽ, ആവശ്യമായ സുരക്ഷ നടപടികള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ ഇപ്പോൾ ദീപം തെളിയിക്കാന്‍ പോവുകയാണെന്നും മിശ്ര പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പിനെ അവഗണിച്ച സര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് അവശ്യമായ വൈദ്യ സഹായങ്ങള്‍ നല്‍കിയതുമില്ല. അവയൊക്കെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ സന്ദേശം ഒരു ഇവന്റ് മാനേജ്‌മെന്റ് തന്ത്രമാണെന്നും മിശ്ര പറഞ്ഞു.

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദിയുടെ രാജ്യത്തോടുള്ള ആഹ്വാനം. ലോക്ക് ഡൗണുമായി സഹകരിക്കുന്ന ജനങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. ഞായറാഴ്ച 9ന് രാജ്യത്തെ 130 കോടി ജനങ്ങള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്നും ഇതുവഴി ആരും ഒറ്റക്കല്ല എന്ന സന്ദേശം നല്‍കണമെന്നും കൊവിഡ് ഭീതിയുടെ ഇരുട്ടകറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.