തെരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുകയെന്ന് പ്രവര്‍ത്തകന്‍ ചോദിച്ചതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബെംഗളൂരു: വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മുഖത്തടിച്ച് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ ദിവസമാണ് സംഭവം. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ബെംഗളൂരുവിലെ വസതിയില്‍ തന്നെക്കാണാന്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരിലൊരാളുടെ മുഖത്താണ് സിദ്ധരാമയ്യ അടിച്ചത്. തെരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുകയെന്ന് പ്രവര്‍ത്തകന്‍ ചോദിച്ചതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ധരാമയ്യയുടെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് എങ്ങനെയാണ് കര്‍ണാടകയെ രക്ഷിക്കാനാകുകയെന്നായിരുന്നു മോദിയുടെ ചോദ്യം. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയോ സിദ്ധരാമയ്യയോ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. 

Scroll to load tweet…

കർണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാർ കനക പുരയിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. ജി പരമേശ്വര കൊരട്ടിഗരെയിൽ നിന്നും മത്സരിക്കും. 124 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. കോലാറിൽ നിന്ന് മത്സരിക്കുമെന്ന് നേരത്തെ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ കോലാർ സുരക്ഷിത മണ്ഡലമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുണ മണ്ഡലം തിരഞ്ഞെടുത്തതെന്നാണ് വിവരം. ബിജെപി വിട്ട് വന്ന കിരൺ കുമാറിന് ചിക്കനായകനഹള്ളി സീറ്റ് മത്സരിക്കാനായി നൽകി. ബിജെപിയിൽ നിന്ന് വന്ന എംഎൽസി പുട്ടണ്ണയ്ക്ക് ബംഗളൂരു രാജാജി നഗറിലാണ് സ്ഥാനാർത്ഥിത്വം നൽകിയത്. കെ എച്ച് മുനിയപ്പ ദേവനഹള്ളിയിൽ നിന്ന് മത്സരിക്കുമെന്നും കോൺഗ്രസ് പുറത്തുവിട്ട പട്ടികയിൽ അറിയിക്കുന്നു.