അലോക് ശര്‍മ ക്ഷമ ചോദിക്കണമെന്ന്  കെ കെ ശര്‍മ ആവശ്യപ്പെട്ടെങ്കിലും തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചതിന് ബിജെപി നേതാവ് ആദ്യ മാപ്പ് പറയട്ടേയെന്നാണ് കോണ്‍ഗ്രസ് വക്താവ് നിലപാട് എടുത്തത്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ചൂടുപിടിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോര് മുറുകിയിരിക്കുകയാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി നേതാക്കള്‍ പരസ്പരം പോര്‍ വിളിക്കുന്നതിനിടെ കാര്യം കെെവിട്ട് പോകുന്ന അവസ്ഥകളുമുണ്ട്. അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

തത്സമയം നടന്ന ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ബിജെപി വക്താവ് കെ കെ ശര്‍മയും കോണ്‍ഗ്രസ് നേതാവ് അലോക് ശര്‍മയുമാണ് വീഡിയോയിലുള്ളത്. ബിജെപി വക്താവ് കോണ്‍ഗ്രസ് നേതാവിനെ രാജ്യദ്രോഹിയെന്ന് നിരന്തരം വിളിച്ചതോടെ ചര്‍ച്ച കെെവിട്ട് പോവുകയായിരുന്നു.

തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചതോടെ ദേഷ്യം വന്ന അലോക് ശര്‍മ തന്‍റെ മുന്നിലുണ്ടായിരുന്ന വെള്ളം നിറച്ച ഗ്ലാസ് കെ കെ ശര്‍മയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. വെള്ളം ദേഹത്തേക്ക് വീണ കെ കെ ശര്‍മ ആകെ നനഞ്ഞു. ഇതോടെ പിന്നീട് വേഷം മാറ്റിയ ശേഷം മാത്രമാണ് ചര്‍ച്ച തുടരാനായത്.

അലോക് ശര്‍മ എറിഞ്ഞ ഗ്ലാസ് ഉടഞ്ഞെങ്കിലും മറ്റ് അപകടങ്ങളൊന്നുമുണ്ടായിട്ടില്ല. തുടര്‍ന്ന് അലോക് ശര്‍മ ക്ഷമ ചോദിക്കണമെന്ന് കെ കെ ശര്‍മ ആവശ്യപ്പെട്ടെങ്കിലും തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചതിന് ബിജെപി നേതാവ് ആദ്യ മാപ്പ് പറയട്ടേയെന്നാണ് കോണ്‍ഗ്രസ് വക്താവ് നിലപാട് എടുത്തത്. 

Scroll to load tweet…