ഭോപ്പാൽ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മധ്യപ്രദേശിൽ കോൺ​ഗ്രസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. മുതിർന്ന കോണ്‍ഗ്രസ് നേതാക്കന്മാരായ ദേവേന്ദ്രസിങ് യാദവ്, ചന്ദു കുഞ്ചീര്‍ എന്നിവരാണ് ഇന്‍ഡോറിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഗാന്ധിഭവന് പുറത്തുവച്ച് പരസ്പരം ഏറ്റുമുട്ടിയത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ത്രിവര്‍ണ പതാക ഉയര്‍ത്താനായി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം. 

കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ചന്ദു കുഞ്ചീര്‍. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഭവം കൈയാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണം അവ്യക്തമാണ്. റോഡിൽവച്ച് പരസ്പരം മര്‍ദിക്കാന്‍ തുടങ്ങിയതോടെ പ‌ൊലീസും മറ്റു പ്രവര്‍ത്തകരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. 

"

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് സ്ഥലത്തെത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു. നേതാക്കൾ തമ്മിൽ തല്ലുകൂടുന്നതിന്റെ ദൃശ്യങ്ങൾ‌ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.