നിതിൻ ഗഡ്കരയുടെ മകന്‍റെ വിവാഹത്തിന് 1000 കോടി നൽകി എന്നാണ് ആദ്യം ഡയറിയിൽ എഴുതിയിരുന്നത്. എന്നാൽ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണെന്ന് യെദ്യൂരപ്പ ആരോപിച്ചു. 

ബാംഗ്ലൂർ: അഴിമതി ആരോപണമുന്നയിച്ച് കാരവൻ മാഗസിനും കോൺഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവർത്തിച്ച് ബിഎസ് യെദ്യൂരപ്പ. 

തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പിൽ വീണ്ടും തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. നിതിൻ ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് നൽകിയ തുക രേഖപ്പെടുത്തിയ ഭാഗത്തിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം.

നിതിൻ ഗഡ്കരയുടെ മകന്‍റെ വിവാഹത്തിന് 1000 കോടി നൽകി എന്നാണ് ആദ്യം ഡയറിയിൽ എഴുതിയിരുന്നത്. എന്നാൽ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണ്. ഡയറിയിലെ പേജുകളുടെ പകർപ്പുകളും ട്വിറ്ററിലൂടെ യെദ്യൂരപ്പ പുറത്തുവിട്ടു. കോൺഗ്രസിന്‍റേത് തരംതാണ രാഷ്ട്രീയമാണെന്നും യെദ്യൂരപ്പ ടിറ്ററിലൂടെ കുറ്റപ്പെടുത്തി.

കർണാടക മുഖ്യമന്ത്രിയാവാൻ 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി യെദ്യൂരപ്പ1800 കോടിയിലേറെ രൂപ നല്‍കിയെന്നാണ് ആരോപണം. എന്നാൽ ആരോപണത്തിനടിസ്ഥാനമായി പുറത്തുവിട്ട ഡയറി വ്യാജമാണെന്നാണ് ബിജെപിയും യെദ്യൂരപ്പയും ആവർത്തിക്കുന്നത്.