എട്ട് ഭരണകക്ഷി എംഎല്‍മാരെ ഹരിയാന ഗുരുഗ്രാമിലെ ഐടിസി ഗ്രാന്‍റ് ഹോട്ടലില്‍ ബിജെപി എത്തിച്ചത് ചൊവ്വാഴ്‍ച അര്‍ധരാത്രിയോടെയാണ്. പിന്നാലെ ദിഗ് വിജയ് സിംഗ്, മന്ത്രിമാരായ ജിത്തുപട്വാരി, ജയ്വര്‍ധന്‍ സിംഗ് എന്നിവരുടെ അനുരഞ്ജന ചര്‍ച്ചയില്‍ നാല് പേര്‍ക്ക് മനം മാറി. 

ദില്ലി: ബിജെപിയുടെ അട്ടിമറി ഭീഷണിക്കിടെ മധ്യപ്രദേശ്‌ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ് എംഎല്‍എ രാജി വച്ചു. ബിജെപിയുടെ നിയന്ത്രണത്തിലുള്ള എംഎല്‍എമാരില്‍ ഒരാളായ ഹര്‍ദീപ് സിങ് ദാങ്ങാണ് രാജി വച്ചത്. പാര്‍ട്ടി അവഗണിക്കുന്നു എന്നാരോപിച്ചാണ് സുവാര്‍സ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഹര്‍ദീപ് സിങ് ദാങ് രാജി വച്ചത്. അഴിമതി നിറഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ പണിയെടുക്കുന്നില്ലെന്ന വിമര്‍ശനവും രാജിക്കത്തില്‍ ഉന്നയിക്കുന്നു.

ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് ബിജെപി രഹസ്യമായി മാറ്റിയ നാല് ഭരണപക്ഷ എംഎല്‍എ മാരില്‍ ഒരാളാണ് ഹര്‍ദീപ് സിങ്. ആകെ എട്ട് എംഎല്‍എമാരെ ബിജെപി ഒപ്പം കൊണ്ടു പോയെങ്കിലും ഇതില്‍ നാല് എംഎല്‍എമാരെ കോണ്‍ഗ്രസ് തിരികെ എത്തിച്ചിരുന്നു. പതിനഞ്ച് മാസം മാത്രം പ്രായമായ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് മധ്യപ്രദേശിന്‍റെ ഭരണം പിടിക്കാന്‍ തിരിക്കിട്ട നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.

എട്ട് ഭരണകക്ഷി എംഎല്‍മാരെ ഹരിയാന ഗുരുഗ്രാമിലെ ഐടിസി ഗ്രാന്‍റ് ഹോട്ടലില്‍ ബിജെപി എത്തിച്ചത് ചൊവ്വാഴ്‍ച അര്‍ധരാത്രിയോടെയാണ്. അപകടം മണത്ത കോണ്‍ഗ്രസ് ദിഗ് വിജയ് സിംഗ്, മന്ത്രിമാരായ ജിത്തുപട്വാരി, ജയ്വര്‍ധന്‍ സിംഗ് എന്നിവരെ മുന്‍നിര്‍ത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലൂടെ നാല് പേരെ തിരികെ കൊണ്ടു വന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എയേയും, രണ്ട് ബിഎസ്പി അംഗങ്ങളേയും ഒരു സമാജ്‍വാദി പാര്‍ട്ടി അംഗത്തേയും ഭോപ്പാലില്‍ തിരികെ എത്തിച്ചെന്ന് കോണ്‍ഗ്രസ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. 

അതേ സമയം തിരികെ പോകാത്ത മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെയും, ഒരു സ്വതന്ത്രനേയും ബിജെപി ഗുരുഗ്രാമിലെ ഹോട്ടലില്‍ നിന്ന് ബെംഗളൂരു വൈറ്റ് ഫീല്‍ഡിലെത്തിച്ചതായാണ് വിവരം. ബെംഗളൂരുവിലെ വില്ലകളില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവരുടെ ഫോണുകളെല്ലാം ഇപ്പോള്‍ സ്വിച്ച് ഓഫാണ്. 230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ബിഎസ്പിയുടെയും സമാജാവാദി പാര്‍ട്ടിയുടെയും , സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. 107 സീറ്റുള്ള ബിജെപിക്ക് 9 പേരുടെ പിന്തുണകിട്ടിയാല്‍ ഭരണം അട്ടിമറിക്കാം.