വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ യാത്രക്കാരോട് ആവശ്യപ്പെടുന്ന അഭ്യർഥന ഒരുകക്ഷിക്ക് വോട്ടുചെയ്യാനുള്ള അഭ്യർഥനയായി മാറിയെന്നും ജയറാം രമേശ്

ദില്ലി: ഇൻഡി​ഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. ഇൻഡിഗോ വിമാനക്കമ്പനി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കോൺഗ്രസ് ജയറാം രമേശ് ആരോപിച്ചു. യാത്രക്കാരോട് വോട്ട് ചെയ്യാനുള്ള അഭ്യർഥിക്കുമന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനക്കമ്പനി പ്രശംസിച്ചതായി ജയറാം രമേശ് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ ഈ മാസം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇൻ‌ഡി​ഗോയുടെ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച ഐസ്വാളിലേക്കും ദില്ലിയിലേക്കും ഇൻഡിഗോയിൽ യാത്ര ചെയ്തു. രണ്ട് തവണയും ക്യാബിൻ ക്രൂവിന്റെ അറിയിപ്പിൽ അപ്രസക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ യാത്രക്കാരോട് ആവശ്യപ്പെടുന്ന അഭ്യർഥന ഒരുകക്ഷിക്ക് വോട്ടുചെയ്യാനുള്ള അഭ്യർഥനയായി മാറിയെന്നും ജയറാം രമേശ് പറഞ്ഞു. 

നവംബർ 7 ന് മിസോറാമിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. ഇൻഡി​ഗോയുടെ അനൗൺസ്മെന്റിൽ തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പരാമർശമൊന്നുമില്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഇൻഡി​ഗോക്ക് നട്ടെല്ലില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. നരേന്ദ്ര മോദിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 

Scroll to load tweet…

ഒരു പ്രധാനമന്ത്രിയും തന്റെ സ്വന്തം പ്രതിച്ഛായ ഉയർത്തിപ്പിടിക്കാൻ പൊതുജനങ്ങളുടെ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടില്ല. അതും തെരഞ്ഞെടുപ്പിന് തൊട്ടുമുമുമ്പ്. സിവിൽ ഏവിയേഷൻ മന്ത്രിയുടെ അടിമ മനോഭാവവും വിമാനക്കമ്പനിയുടെ നട്ടെല്ലില്ലായ്മയുമാണ് തെളിയുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റ് വിമാനക്കമ്പനികളും സമാനമായ രീതി പിന്തുടരുന്നതായി തോന്നുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു. ഇൻഡിഗോ എംസിസി ലംഘിച്ചുവെന്ന ജയറാം രമേശിന്റെ ആരോപണങ്ങളോട് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ബോധവൽക്കരണത്തിന്റെ ഭാ​ഗമാണെന്നും കോൺ​ഗ്രസ് എംപിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സിന്ധ്യ വ്യക്തമാക്കി.