വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും എന്ത് കൊണ്ട് നടപടിയെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ചെന്നൈ: പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂണിന്‍റെ പേരിൽ തമിഴ് വാരിക 'വികടനെ' വിലക്കിയ നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സൈറ്റ് ബ്ലോക്ക് ചെയപ്പെട്ടതിന്റെ കാരണം അറിയണമെന്നും മാണിക്കം ടാഗോർ എംപി പറഞ്ഞു. കേന്ദ്ര നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ കൈവിലങ്ങിട്ട് നാടുകടത്തിയ സംഭവം യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 'കൈവിലങ്ങ്' പരിഹസിച്ചുള്ള കാർട്ടൂൺ വികടൻ വാരിക പ്രസിദ്ധീകരിച്ചത്. ബിജെപിയുടെ ഫാസിസത്തിന്‍റെ ഉദാഹരണമാണ് സംഭവമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം കേന്ദ്ര നടപടിയെ വിശേഷിപ്പിച്ചത്.
ട്രംപിന്‍റെ അടുത്ത് കൈവിലങ്ങുകൾ ധരിച്ച് മോദി മിണ്ടാതെ ഇരിക്കുന്ന കാർട്ടൂൺ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. ഇത് എക്സിൽ പങ്കുവച്ച ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വാരികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വികടന്‍റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും എന്ത് കൊണ്ട് നടപടിയെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
വിവാദ കാർട്ടൂൺ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച് ചെന്നൈ പ്രസ് ക്ലബ് വികടന് പിന്തുണ അറിയിച്ചപ്പോൾ, കോയമ്പത്തൂർ പ്രസ് ക്ലബ്ബും കേരള കാർട്ടൂൺ അക്കാഡമിയും വാരികയ്ക്കെതിരായ നടപടിയെ അപലപിച്ചു. മോദിയെ പരിഹസിക്കുന്നത് രാജ്യത്തെ കളിയാക്കുന്നതിന് തുല്യമാണെന്നാണ് തമിഴ്നാട്ടിലെ വിവിധ ബി ജെ പി നേതാക്കളുടെ പ്രതികരണം.
