Asianet News MalayalamAsianet News Malayalam

'ബംഗാളിലും ത്രിപുരയിലും സിപിഎം ഇല്ലാതായത് ഇതുകൊണ്ടെന്ന്' ടാഗോർ; അപലപിച്ച് ഗെലോട്ടും ഖാർഖെയും ദേശീയ നേതാക്കളും

രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പ്രതികരണം

congress national leaders reaction on rahul gandhi office sfi attack issue
Author
New Delhi, First Published Jun 25, 2022, 12:10 AM IST

ദില്ലി: രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് ദേശീയ നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറ‍ഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പ്രതികരണം. ബംഗാളിലും ത്രിപുരയിലും സി പി എം ഇല്ലാതായത് ഇതേ അക്രമ രീതികൊണ്ടാണ് എന്നായിരുന്നു മാണിക്കം ടാഗോർ എം പി ട്വീറ്റ് ചെയ്തത്. ദില്ലിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എൻ എസ്‍ യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുകയും ചെയ്തു.

'ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത്, കുറ്റക്കാർക്കെതിരെ നടപടി വേണം'; എസ്എഫ്ഐ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യെച്ചൂരി

അതേസമയം സി പി എം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയടക്കമുള്ളവരും എസ് എഫ് ഐ അക്രമത്തെ പരസ്യമായി തള്ളിക്കളഞ്ഞാണ് രംഗത്തെത്തിയത്. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടി സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നാണ് എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പറഞ്ഞത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ എസ് എഫ് ഐയുടെ നടപടിയെ തള്ളി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയ യെച്ചൂരി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി പാർട്ടികൾ തമ്മിൽ ഉള്ള ബന്ധങ്ങളെ ബാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

'തെറ്റായ പ്രവണത, ശക്തമായ നടപടി സ്വീകരിക്കും': രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ മുഖ്യമന്ത്രി

രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios