മുംബൈ: വരുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്- എന്‍സിപി സഖ്യം സീറ്റു ധാരണയായി. രണ്ട് പാര്‍ട്ടിയുടെയും സംസ്ഥാന നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഇരു പാര്‍ട്ടികളും 125 സീറ്റുകളില്‍ വീതം മത്സരിക്കും. 

സഖ്യകക്ഷികള്‍ക്കായി 38 സീറ്റ് നല്‍കും. സീറ്റ് ധാരണ സംബന്ധിച്ച് എന്‍സിപി ആദ്ധ്യക്ഷന്‍ ശരത് പവറാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ മത്സരിക്കുന്ന സീറ്റുകള്‍ എതൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ലെന്നും എന്‍സിപി അദ്ധ്യക്ഷന്‍ അറിയിച്ചു. 

288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തില്‍ രണ്ടോളം പ്രധാന സഖ്യകക്ഷികളാണ് ഉള്ളത്. രാജു ഷെട്ടിയുടെ സ്വഭിമാനി സെത്കാരി സംഘടനയും, പ്രകാശ് അംബേദ്കറുടെ ബഹുജന്‍ വികാസ് അഗാഡിയും. മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി ശിവസേന സഖ്യത്തെ പരാജയപ്പെടുത്താം എന്ന വിശ്വാസത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് എന്‍സിപി സഖ്യം.