ദില്ലി: രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും സ്വാഭാവികമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷവും സഭയ്ക്ക് അകത്തും പുറത്തും രാഹുൽ ഗാന്ധി സർക്കാരിന് എതിരെ ശക്തമായി നേതൃത്വം നൽകിയെന്നും രാജി എല്ലാവരും ഒറ്റക്കെട്ടായി എതിർത്തുവെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. 

ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ അധ്യക്ഷനാക്കണമെന്ന നിർദ്ദേശമുണ്ടായെന്ന റിപ്പോർട്ടുകളിൽ വാസ്തവമില്ല. വർക്കിങ്ങ് പ്രസിഡന്‍റിനെ നിയമിക്കുമെന്നത് അഭ്യൂഹം മാത്രമാണ്. അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മോശം പ്രകടനം ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് വിശദമായി പരിശോധിക്കുമെന്നും ഗുലാം നബി അസാദ് പറഞ്ഞു. 

അതേസയം ചൗക്കിദാർ പരാമർശം തിരിച്ചടിയായിട്ടില്ലെന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. റഫാൽ കരാറിൽ വ്യക്തമായ അഴിമതിയുണ്ട്. തെരെഞ്ഞെടുപ്പിൽ ജയിച്ചു എന്ന് കരുതി അഴിമതി, അഴിമതി അല്ലാതാകുന്നില്ലെന്നും സുർജേവാല വ്യക്തമാക്കി.