ലഖ്നൗ: സ്വകാര്യ സര്‍വകലാശാലകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭയം സൃഷ്ടിച്ച് ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദ്വിജേന്ദ്ര ത്രിപാഠി ആരോപിച്ചു. ഏകാധിപത്യത്തിന്‍റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ സര്‍വകലാശാലകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. സംസ്ഥാനത്തെ സര്‍വകലാശാലകളെ ഒരേ നിയമത്തിന്‍റെ കീഴിലാക്കാനാണ് ഓര്‍ഡിനനന്‍സുകൊണ്ടുദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നാരോപിച്ച് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും മതേതരത്വവും പ്രചരിപ്പിക്കുന്നതിന് പകരമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലാ ക്യാമ്പസുകളില്‍ നടത്തരുതെന്നാണ് ഓര്‍ഡിനന്‍സ് നിര്‍ദ്ദേശിക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സര്‍വകലാശാലകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയതായി രൂപീകരിച്ച സ്വകാര്യ സര്‍വകലാശാലകള്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാണ്.

സര്‍വകലാശാലകളിലെ ഫീസ് നിരക്ക് നിയന്ത്രിക്കുക, പഠന നിലവാരം ഉയര്‍ത്തുക, സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയും ഉത്തര്‍പ്രദേശ് പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് പ്രകാരം അഡ്മിഷന്‍ പ്രോസസ്സും ഫീസ് നിരക്കും സര്‍വകലാശാലകള്‍ വെളിപ്പെടുത്തണം. ഒരു വര്‍ഷത്തിനുള്ളില്‍ ഓര്‍ഡിനന്‍സിലെ നിയമങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.