ശശി തരൂരിനും മല്ലികാർജുൻ ഖർഗെക്കും നൽകിയത് ഒരേ പട്ടികയാണെന്നും വോട്ടർ പട്ടിക തൃപ്തികരമെന്ന് തരൂർ ഒരിക്കൽ പറഞ്ഞതാണെന്നും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി.

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികക്കെതിരായ ശശി തരൂരിന്‍റെ പരാതി തള്ളി തെരഞ്ഞെടുപ്പ് സമിതി. ഖര്‍ഗെക്കും തരൂരിനും നല്‍കിയത് ഒരേ വോട്ടര്‍പട്ടികയാണെന്ന് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. അതേസമയം, ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ശക്തമാകുന്നതിനിടെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു. 

ഒന്‍പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരത്തോളം പേരുടെ ഫോണ്‍ നമ്പറോ വിലാസമോ ഇല്ല. പട്ടികയില്‍ വ്യക്തത ആവശ്യപ്പെട്ട് ശശി തരൂരിന്‍റെ ആദ്യ പരാതി. വിശദാംശങ്ങള്‍ സംഘടിപ്പിച്ച് പുതിയ പട്ടിക മിസ്ത്രി കൈമാറി. പുതുക്കി നല്‍കിയ പട്ടികയില്‍ ആദ്യമുണ്ടായിരുന്ന അഞ്ഞൂറ് പേരെ മാറ്റി പുതിയ അറുനൂറ് പേരെ ചേര്‍ത്തിരിക്കുന്നു. ഇതിനെതിരെ വീണ്ടും തെരഞ്ഞെടുപ്പ് സമിതിയിൽ തരൂര്‍ പരാതി അറിയിച്ചു. എന്നാല്‍ പട്ടികയിലെ മാറ്റത്തെ കുറിച്ച് വ്യക്തത വരുത്താന്‍ തയ്യാറാകാത്ത സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തരൂരിന്‍റെ പരാതി തള്ളിക്കളഞ്ഞു. ഒരേ പട്ടിക നല്‍കിയിട്ട് ഖാര്‍ഗെക്ക് പരാതിയില്ലല്ലോയെന്ന് ചോദ്യവും.

Also Read:തനിക്ക് കിട്ടുന്ന വോട്ടുകൾ കോണ്‍ഗ്രസിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമെന്ന് തരൂര്‍ 

തരൂരിന്‍റെ പ്രചാരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച എഐസിസി തലപ്പത്തെ ചില നേതാക്കള്‍ തന്നെയാണ് പട്ടികക്ക് പിന്നിലും ചരട് വലികള്‍ നടത്തിയതെന്നാണ് തരൂര്‍ ക്യാമ്പ് കരുതുന്നത്. മധ്യപ്രദേശില്‍ തരൂരിന് സ്വീകരണമൊരുക്കുന്നത് തടയാനും ഇടപെടലുണ്ടായി. എന്നാല്‍ സോണിയ ഗാന്ധിയില്‍ നിന്ന് നേരിട്ട് അനുമതി വാങ്ങി പിസിസി അധ്യക്ഷന്‍ കമല്‍നാഥ് തരൂരിന് പ്രചാരണത്തിന് സൗകര്യമൊരുക്കുകയായിരുന്നു. തരൂരിന്‍റെ പ്രചാരണം മുറുകി നിന്നതോടെ നേരത്തെ ഭാരത് ജോഡോ യാത്രയില്‍ നിന്ന് മാറി നിന്ന മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വടക്കന്‍ കര്‍ണ്ണാടകത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നു. രാഹുലുമായി ഖര്‍ഗെ നടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പരിവേഷം ഖര്‍ഗെ അനുകൂലികളും നല്‍കുകയാണ്.