ദില്ലി: ഫേസ്ബുക്ക് വിവാദത്തിൽ‌ പുതിയ ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്കുൾപ്പടെ ഫേസ്ബുക്ക് ഫണ്ടിം​ഗ് നടത്തിയിട്ടുണ്ടെന്ന് പാർട്ടി വക്താവ് മനീഷ് തിവാരി ആരോപിച്ചു. ഫേസ്ബുക്ക് ഇക്കാര്യം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, ഫേസ്ബുക്ക് പോളിസി മേധാവി അംഖിദാസിനെ ദില്ലി നിയമസഭാ സമിതി വിളിച്ചു വരുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ദില്ലി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ഫേസ്ബുക്ക്  വേദിയായെന്ന പരാതിക്കിടെയാണ് നടപടി.

ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജോർണലിൽ ലേഖനം വന്നതോടെയാണ് വിവാദം ഉയര്‍ന്നത്. ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേസ്ബുക്ക് നിലപാട് സ്വീകരിക്കുന്നുവെന്നും കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ സിങ്ങിനെ ഫേസ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അംഖിദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും അതിലൂടെ അവർ വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

അതേസമയം, ബിജെപി-ഫേസ്ബുക്ക് കൂട്ടുകെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിന്‍റെ വിശദീകരണം തേടുമെന്ന ഐടി പാർലമെന്‍ററി സമിതി ചെയർമാനായ ശശി തരൂരിന്റെ തീരുമാനത്തിനെതിരെ ബിജെപി രം​ഗത്തെത്തിയിരുന്നു. ഒരു ചർച്ചയും നടത്താതെ ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ ചെയർമാന് കഴിയില്ലെന്നാണ് ബിജെപിയുടെ വാദം. ഇതു സംബന്ധിച്ച് സ്റ്റാൻഡിം​ഗ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങൾ സ്പീക്കർക്ക് പരാതി നൽകുമെന്നും പാർട്ടി പറഞ്ഞിട്ടുണ്ട്.