ദില്ലി: ഇന്ത്യയുടെ നയതന്ത്രം വിദേശികൾക്ക് കരാർ നൽകിയോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടു. ഒരു അന്താരാഷ്ട്ര ബ്രോക്കറുടെ ഇടപെടലിൽ,  കഴിഞ്ഞ മൂന്ന് ദിവസമായി ബിജെപി വൃത്തികെട്ട രാഷ്ടീയം  കളിയ്‍ക്കുകയാണ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നിരിക്കെ, യൂറോപ്യൻ യൂണിയന്റെ ഇടപെടൽ എന്തിനാണെന്നും സുര്‍ജെവാല ചോദിച്ചു.

യൂറോപ്യന്‍ പാര്‍ലമെന്‍റ്  അംഗങ്ങളുടെ കശ്മീര്‍ സന്ദര്‍ശനത്തിലൂടെ ഇന്ത്യന്‍ പാര്‍ലമെന്‍റിനെയും ജനപ്രതിനിധികളെയും ബിജെപി അപമാനിച്ചതായി സുര്‍ജെവാല ആരോപിച്ചു. യൂറോപ്യൻ യൂണിയന്റെ കശ്മീർ സന്ദർശനത്തിനുള്ള ഫണ്ടിംഗ് എവിടെ നിന്നാണെന്ന് ബിജെപി വ്യക്തമാക്കണം. മാഡി ശർമ്മയാരാണെന്നും  പ്രധാനമന്ത്രിയുമായി യൂറോപ്യൻ യൂണിയൻ സംഘത്തിന്റെ കൂടിക്കാഴ്ച അവർ എങ്ങനെ നിശ്ചയിച്ചു എന്നും ബിജെപി വ്യക്തമാക്കണമെന്നും സുര്‍ജെവാല ആവശ്യപ്പെട്ടു. 

Read Also: യൂറോപ്യന്‍ പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നിലെ മാഡി ശര്‍മ ആര്; വിവാദം മുറുകുന്നു

യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളായ 27 പേര്‍ കഴിഞ്ഞദിവസം കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെയാണ് സുര്‍ജെവാലയുടെ വിമര്‍ശനം. കശ്മീര്‍ പുനസംഘടനക്കു ശേഷം ഇതാദ്യമായാണ് ഒരു വിദേശപ്രതിനിധി സംഘം ഇവിടെയെത്തുന്നത്. ഇന്ത്യന്‍ എംപിമാര്‍ക്ക് വിലക്കുള്ളപ്പോള്‍ വിദേശസംഘത്തിന് സന്ദര്‍ശനാനുമതി നല്‍കിയതിനെച്ചൊല്ലി പ്രതിപക്ഷനേതാക്കള്‍ ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

Read Also: കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഞങ്ങളെ അനുവദിച്ചെങ്കില്‍ ഇന്ത്യന്‍ നേതാക്കളെയും അനുവദിക്കണം: യൂറോപ്യന്‍ യൂണിയന്‍ എംപി

രാഹുൽ ഗാന്ധിയുടെ വിദേശപര്യടനം ധ്യാനത്തിന് വേണ്ടിയാണെന്നും സുർജേവാല പറഞ്ഞു. മഹാരാഷ്ട്രയിൽ മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. കാര്യങ്ങൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കൾ തീരുമാനിക്കുമെന്നും സുര്‍ജെവാല വ്യക്തമാക്കി. 

Read Also: ബിജെപി-ശിവസേന പോര് മുറുകുന്നു; നിയമസഭാകക്ഷി യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാനുള്ള നടപടി തുടങ്ങിയേക്കും