ദില്ലി: പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ വേണമെന്ന പ്രിയങ്കാ ​ഗാന്ധിയുടെ നിലപാടിൽ പ്രതികരണവുമായി കോൺ​ഗ്രസ്. ഒരു വർഷം മുൻപ് തയ്യാറാക്കിയ അഭിമുഖമാണ് പുസ്തക രൂപത്തിൽ ഇപ്പോൾ പുറത്തിറങ്ങിയത്. നരേന്ദ്രമോദി - അമിത് ഷാ നയങ്ങളെ  ധീരമായി ചെറുക്കുകയാണ്  കോൺ​ഗ്രസിന്റെ ഇപ്പോഴത്തെ ആവശ്യം. രാഹുൽ ഗാന്ധിയുടെ ഭയമില്ലായ്മയും ,ധീരമായ നിലപാടും തുടരണമെന്നതാണ് പാർട്ടിയുടെ ആവശ്യമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേ വാല പ്രതികരിച്ചു.

​ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരും പാർട്ടി അധ്യക്ഷനാകരുതെന്ന രാഹുലിന്റെ അഭിപ്രായത്തോട് പൂർണ്ണ യോജിപ്പാണെന്നാണ് പ്രിയങ്ക പറഞ്ഞത്. സോണിയഗാന്ധിക്ക് ശേഷം അധ്യക്ഷ സ്ഥാനത്ത് ആരെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമാകുമ്പോഴാണ് പ്രിയങ്ക ഗാന്ധി മനസ് തുറന്നത്. പാര്‍ട്ടിയില്‍ കഴിവുള്ള നിരവധി പേരുണ്ട്. ഗാന്ധി കുടുംബാഗം തന്നെ അധ്യക്ഷ സ്ഥാനത്ത് വേണമെന്ന് ആര്‍ക്കാണ് വാശി. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ അധ്യക്ഷസ്ഥാനത്ത് എത്തിയാല്‍ ആ നേതൃത്വം അംഗീകരിക്കും. ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കേണ്ട, നിങ്ങള്‍ ആന്‍ഡമാനിലേക്ക് പൊയ്ക്കുള്ളൂ എന്നുപറഞ്ഞാല്‍ ആ നിമിഷം അനുസരിക്കും. നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതിൽ കോൺഗ്രസ് പുറകിലായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നഷ്ടം സംഭവിച്ചിരുന്നു.  പുതു തലമുറ നേതാക്കളുടെ അഭിമുഖങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ഇന്ത്യ നാളെ എന്ന പുസ്തകത്തിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

ഇനി തലപ്പത്തേക്കില്ലെന്ന് ഇതേ പുസ്തകത്തിൽ രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഉത്തരവാദിത്ത സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചത്. കുടംബത്തിന്‍റെ പൂര്‍ണ്ണ പിന്തുണ കിട്ടിയ തീരുമാനത്തില്‍ ഇനി മാറ്റമില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്‍റെ കൈയില്‍  തന്നെ പാര്‍ട്ടിയുടെ താക്കോല്‍ വേണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, പുറത്ത് നിന്നുള്ളവരെ പരിഗണിക്കണമെന്നാണ് ശശിതരൂര്‍ എംപിയടക്കമുള്ള മറുപക്ഷത്തിന്‍റെ നിലപാട്.