പുനസംഘടന നടക്കാനിരിക്കേയാണ് നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ പാര്‍ലമെന്‍റ് സമിതികളിലേക്ക് പരിഗണിച്ചത്.  

ദില്ലി: 'ഗ്രൂപ്പ് 23' നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്‍റെ ലോക്സഭ, രാജ്യസഭ സമിതികള്‍ പുനസംഘടിപ്പിച്ചു. ഏഴ് അംഗ ലോക്സഭ സമിതിയില്‍ ശശി തരൂര്‍, മനീഷ് തിവാരി എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ ആനന്ദ് ശര്‍മ്മ രാജ്യസഭ ഉപനേതാവായി തുടരും. പുനസംഘടന നടക്കാനിരിക്കേയാണ് നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ പാര്‍ലമെന്‍റ് സമിതികളിലേക്ക് പരിഗണിച്ചത്.

ലോക്സഭ പ്രതിപക്ഷ നേതാവായി അധിര്‍ രഞ്ജന്‍ ചൗധരി തുടരുമ്പോള്‍ തരുണ്‍ ഗോഗോയ് ഉപനേതൃ സ്ഥാനം നിലനിര്‍ത്തി. കൊടിക്കുന്നില്‍ സുരേഷ് ലോക്സഭാ ചീഫ് വിപ്പ് സ്ഥാനത്ത് തുടരും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് രാജ്യസഭ നേതാവ്. ജയ്റാം രമേശ് രാജ്യസഭയിലെ ചീഫ് വിപ്പായി. കെ സി വേണുഗോപാല്‍,പി ചിദംബരം, അംബിക സോണി എന്നിവര്‍ രാജ്യസഭ സമിതിയിലിടം നേടി. പൊതുവിഷയങ്ങളില്‍ ഇരുസഭകളിലും സമാന നിലപാട് വേണമെന്നും ഇതിനായി സംയുക്ത ചര്‍ച്ചയാകാമെന്നും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona