ദില്ലി: ഉത്തര്‍പ്രദേശിലെ ഉച്ചഭക്ഷണ വിവാദത്തില്‍ ബിജെപിയെ ട്രോളി കോണ്‍ഗ്രസ്. വസ്തുത മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ ബിജെപി മാധ്യമപ്രവര്‍ത്തകരെ തേടുന്നു എന്ന തലക്കെട്ടിലാണ് ബിജെപിയെ കളിയാക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കോണ്‍ഗ്രസിന്‍റെ ട്രോള്‍. 'ഞങ്ങള്‍ കുറ്റം ചെയ്യുമ്പോള്‍ കൃത്യ സമയത്ത് നിങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം.' എന്നതാണ് പ്രധാന വാചകം.

ജിഡിപി അഞ്ച് ശതമാനം മാത്രമാണ്, ശമ്പളം ചോദിക്കരുത്.  എല്ലാ ദിവസവും അറസ്റ്റ്, ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍ തുടങ്ങിയ പുതിയ കാര്യങ്ങള്‍ ഉണ്ടാകും. ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയുടെ പരാജയം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്ത് പരിചയം വേണമെന്നതാണ് പ്രധാന യോഗ്യത. വീഡിയോ എടുത്താല്‍ അത് നിങ്ങള്‍ക്കെതിരെ പ്രയോഗിക്കും. ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ ഞങ്ങള്‍ അത് നല്‍കും. നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്ത സത്യമാണെങ്കില്‍ ഉറപ്പായും ജയിലിലയക്കും എന്നിങ്ങനെ പോകുന്നു പരസ്യത്തിലെ വാചകങ്ങള്‍.  ബിജെപിയുടെ ചിഹ്നവും പരസ്യത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. 

 

മിര്‍സാപുരിലെ പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നല്‍കുന്നത് റിപ്പോര്‍ട്ട് ചെയ്ത പവന്‍ ജയ്‍സ്വാളിനെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇറക്കിയത്. ബിജെപിയുടെ ഭരണത്തില്‍ ജിഡിപി വളര്‍ച്ച കുത്തനെ കുറഞ്ഞതിനെയും കോണ്‍ഗ്രസ് കളിയാക്കി.