സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കേന്ദ്രം ചൈനീസ് പൗരന്മാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു

ദില്ലി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാറില്ലെന്നും കേന്ദ്ര നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.

സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കേന്ദ്രം ചൈനീസ് പൗരന്മാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി നല്‍കിയത്. ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്നതാണ് നിയമം. അദാനിക്കായി കേന്ദ്രം അനധികൃത ഇളവുകള്‍ നല്‍കുകയാണ്. ഒരു കമ്പനിക്കായി ചൈനീസ് പൗരന്‍മാരെ അനധികൃതമായി പ്രവർത്തിക്കാൻ കേന്ദ്രം അനുവദിക്കുന്നുവെന്നും ജയ്റാം രമേശ് വിമര്‍ശിച്ചു.

പ്രത്യേക കാരണങ്ങളാല്‍ കപ്പലിലെ ജീവനക്കാര്‍ക്ക് വിസയില്ലാതെ തന്നെ ഇറങ്ങാന്‍ അനുമതി നല്‍കാറുണ്ടെങ്കിലും അഫ്ഗാനിസ്താന്‍, ചൈന, എത്യോപിയ, ഇറാഖ്, പാകിസ്താന്‍, സോമാലിയ, ശ്രീലങ്ക തുടങ്ങിയവര്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നതെന്നും നിയമവിരുദ്ധമാണിതെന്നും ജയ്റാം രമേശ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചത്. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി വൈകുന്നതിനാല്‍ ആഘോഷപൂര്‍വം സ്വീകരണം നല്‍കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല. ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചത്. അനുമതി ലഭിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ കപ്പലില്‍നിന്നും ക്രെയിനുകള്‍ ഇതുവരെ ഇറക്കാനായിട്ടില്ല.

വിഴിഞ്ഞത്തെ ആശങ്ക ഒഴിയുന്നു, ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി

Asianet News Live | VS@100 | VS Achuthanandan Birthday | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News