പകരക്കാരനാരെന്ന ചര്‍ച്ച ഇപ്പോൾ സുശീല്‍കുമാര്‍ ഷിന്‍ഡ, മല്ലികാർജ്ജുന ഖാര്‍ഗേ എന്നീ നേതാക്കളിലാണ്  എത്തിനില്‍ക്കുന്നത്

ദില്ലി: പ്രതിസന്ധി തുടരുന്നതിനിടെ രാഹുല്‍ഗാന്ധിക്ക് പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ചയാരംഭിച്ച് കോണ്‍ഗ്രസ്. പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിച്ചേക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുന്നിൽ ഇന്ന് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്നാവര്‍ത്തിക്കുന്ന രാഹുല്‍, നെഹ്റു കുടുംബത്തിലെ ആരും അധ്യക്ഷ പദവിയിലേക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പകരക്കാരനാരെന്ന ചര്‍ച്ച ഇപ്പോൾ സുശീല്‍കുമാര്‍ ഷിന്‍ഡ, മല്ലികാർജ്ജുന ഖാര്‍ഗേ എന്നീ നേതാക്കളിലാണ് എത്തിനില്‍ക്കുന്നത്. 

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഷിന്‍ഡേ നെഹ്റു കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ്. മല്ലികാര്‍ജ്ജുന ഖാര്‍ഗെ യുപിഎ സര്‍ക്കാരുകളില്‍ റയില്‍വേ, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ വേണമെന്നാണ് പ്രവർത്തക സമിതിയുടെ നിലപാട്. 

പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ പ്രവർത്തക സമിതി യോഗം രാഹുല്‍ ഉടന്‍ വിളിച്ചേക്കുമെന്നാണ് സൂചന. നിലവിലെ പ്രവർത്തക സമിതി പിരിച്ച് വിടാനുള്ള സാധ്യത മുതിര്‍ന്ന നേതാക്കള്‍ തള്ളിക്കളയുന്നില്ല. ഇതിനിടെ രാജി സമ്മര്‍ദ്ദത്തിന് പിന്നാലെ രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ ആത്മഹത്യ ശ്രമവും നടന്നു. 

എഐസിസിക്ക് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവർത്തകരിലൊരാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതേ സമയം ദില്ലി കോണ്‍ഗ്രസില്‍ പി സി ചാക്കോ ഷീല ദീക്ഷിത് തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഷീല ദീക്ഷിത് വിളിച്ച വാര്‍ത്ത സമ്മേളനം റദ്ദ് ചെയ്തു. പരസ്യ പ്രതികരണം ഉണ്ടാകുമെന്ന് കണ്ട് എഐസിസി ഇടപെട്ട് റദ്ദ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.