സിജെപി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. സമരക്കാർക്കൊപ്പം രാഹുലും പ്രിയങ്കയും ഖർഗെയും അടക്കമുള്ള നേതാക്കൾ ചേർന്നപ്പോൾ പ്രതിഷേധക്കാരുടെ ആവേശം ഇരട്ടിയായി.

ദില്ലി: ഒരു കൂട്ടം യുവാക്കൾ ചേർന്ന് തുടങ്ങിയ ദില്ലി ജന്തർമന്തറിലെ സമരം പുതിയ തലത്തിലേക്ക് നീങ്ങുന്നു. സിജെപി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. സമരക്കാർക്കൊപ്പം രാഹുലും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയും അടക്കമുള്ള നേതാക്കൾ ചേർന്നപ്പോൾ പ്രതിഷേധക്കാരുടെ ആവേശം ഇരട്ടിയായി. മുഖ്യമന്ത്രി വി ഡി സതീശനും കെ സി വേണുഗോപാലും സമരത്തില്‍ പങ്കാളിയായി.

സിജെപി സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്

കൈകള്‍ കൂട്ടിക്കെട്ടി കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചു. പൊലീസും കോണ്‍ഗ്രസ് എംപിമാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പിന്നാലെ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിന് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി, സര്‍ക്കാര്‍ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്നും വിമര്‍ശിച്ചു. കോക്റോച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി നേരത്തെ ഇടത് എംപിമാരും ജന്തർ മന്തറിലെത്തിയിരുന്നു. പരീക്ഷ വീഴ്ചയിലെ യുവരോഷമാണ് രാജ്യം കാണുന്നതെന്നും ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണമെന്നും ഇടത് എംപിമാർ പറഞ്ഞു.

ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെയും പിന്തുണ

ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെയും സിജെപി സമരത്തിന് പിന്തുണ. ജന്തർ മന്ദർ സമരവേദി ലൊക്കേഷൻ നൽകി ഭക്ഷണ പൊതികൾ സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പൊതികൾ ഇതിനോടകം എത്തിയെന്ന് വളണ്ടിയർമാരും ഡെലിവറി ബോയ്സും പറഞ്ഞു.