ബംഗളൂരു: മൂന്ന് വിമതരെ അയോഗ്യരാക്കിയതോടെ കർണാടകത്തിലെ രാഷ്ട്രീയ നാടകം വഴിത്തിരിവിൽ. നടപടിയുണ്ടായതോടെ,  ബാക്കിയുള്ള പതിനാല് എംഎൽഎ മാരെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. കെപിജെപി അംഗം ആർ ശങ്കർ അയോഗ്യനായതോടെ സഭയിൽ ബിജെപിക്ക് ഒരു വോട്ട് കുറയും . 

അതേസമയം അനുനയ നീക്കങ്ങൾ തുടരാനാണ് സഖ്യ തീരുമാനം. കർണാടകത്തിൽ  തിരിച്ചെത്തിയ വിമത എംഎൽഎ ശിവറാം ഹെബ്ബറുമായി സിദ്ധരാമയ്യ സംസാരിക്കും. കെ സുധാകറും എംടിബി നാഗരാജും രാജി പിൻവലിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. 

ആറ്  എംഎൽഎമാരെങ്കിലും നിലപാട് മാറ്റിയാൽ ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങൾ വഴിമുട്ടും. സ്പീക്കറുടെ അയോഗ്യത നടപടിയെ കോൺഗ്രസ് സ്വാഗതം ചെയ്തു. അതെ സമയം സർക്കാർ രൂപീകരിക്കാൻ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് ബിജെപി തീരുമാനം.  ബാക്കി വിമതരെ അയോഗ്യരാക്കുന്നതിൽ സ്പീക്കറുടെ തീരുമാനം ശനിയാഴ്ചയോടെ പ്രതീക്ഷിക്കാം. ജഗദീഷ് ഷെട്ടാർ ഉൾപ്പെടെ ബിജെപി നേതാക്കൾ കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചക്ക് ദില്ലിയിൽ തുടരുകയാണ്.