ദില്ലി: ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. ഇത് സംബന്ധിച്ച് ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, മാധ്യമങ്ങള്‍ക്ക് നേതാക്കള്‍ അഭിമുഖം നല്‍കുന്നതില്‍ വിലക്കില്ല. മേയില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുതലാണ് ചാനല്‍ ചര്‍ച്ചയില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ തോല്‍വിയും ചര്‍ച്ചകള്‍ വര്‍ഗീയമാകുന്നുവെന്നതുമാണ് തീരുമാനത്തിന് പിന്നില്‍. അതുകൊണ്ട് അനാവശ്യമായ വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി ആസ്ഥാനത്ത് വക്താക്കള്‍ പറയുന്നതായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു.

21നാണ് ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോളുകള്‍ അനുസരിച്ച് രണ്ടിടത്തും ബിജെപിക്കാണ് മുന്‍തൂക്കമെങ്കിലും ഹരിയാനയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മഹാരാഷ്ട്രയില്‍ എന്‍സിപിയോടൊത്ത് സഖ്യമായിട്ടാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.