ദില്ലി: പൗരത്വ  നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. രാജ്ഘട്ടില്‍ നാളെ പ്രതിഷേധ സമരം നടത്തും. ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രി എട്ട് വരെയാണ് സമരം. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. ഇന്ന്  നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നാളേക്ക് മാറ്റിയത്. പ്രതിഷേധ പരിപാടികള്‍   സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം പൗരത്വ നിയമ ഭേദഗതിയില്‍   പ്രതിഷേധം  ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി  ഇന്ന് ദില്ലിയില്‍ നടക്കും. പതിനൊന്ന് മണിക്ക് രാംലീല മൈതാനിയില്‍   മോദി വിശാല്‍ റാലിയെ അഭിസംബോധന ചെയ്യും. ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ  നിലപാട് മോദി വ്യക്തമാക്കും. 

കേന്ദ്രമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. അതേ സമയം റാലിയില്‍    പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ട്. ദില്ലി പൊലീസിനും, എസ്പിജിക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍      കൈമാറി. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ റാലി നടക്കുന്ന രാംലീല മൈതാനിയില്‍   സുരക്ഷ കൂട്ടി.