സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ സാന്നിധ്യത്തിന്‍റെ പേരില്‍ യുവജനങ്ങളെ അമ്പരപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുവജനങ്ങളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്‍റെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രം. 

ഉത്തര്‍ പ്രദേശ് (Uttar Pradesh)തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് മാനിഫെസ്റ്റോ (Youth Manifesto)പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ് (Congress). ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ചേര്‍ന്നാണ് നാളെ യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കുകയെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ സാന്നിധ്യത്തിന്‍റെ പേരില്‍ യുവജനങ്ങളെ അമ്പരപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുവജനങ്ങളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്‍റെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രം.

ദില്ലിയിലെ എഐസിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ച് നാളെയാണ് യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കുക. തൊഴില്‍ ഇല്ലായ്മ, തൊഴില്‍ ഇല്ലായ്മ വേതനം, ജോലി ഉറപ്പാക്കല്‍ തുടങ്ങീ സംസ്ഥാനത്തെ യുവജനങ്ങള്‍ നേരിടുന്ന പല പ്രശ്നങ്ങളേയും എത്തരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൈകാര്യം ചെയ്യുമെന്ന് വിശദമാക്കുന്നതാവും യൂത്ത് മാനിഫെസ്റ്റോയെന്നാണ് സൂചന. സ്ത്രീകൾ അടിച്ചമർത്തപ്പെടുകയാണെങ്കിൽ, അവർക്ക് സൂര്യനു കീഴിൽ അവര് ആഗ്രഹിക്കുന്ന ഏത് സ്ഥാനത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഈ പ്രത്യാക പ്രകടന പത്രികയ്ക്ക് ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാഥേ വിശദമാക്കുന്നത്. പ്രവേശനം നിഷേധിക്കുകയും തൊഴില്‍ അവസരം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യം ഉത്തര്‍ പ്രദേശിലുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

നിരന്തരമായി ബഹളമുണ്ടാക്കി ഒരാളെ താഴെയിറക്കാനല്ല കോണ്‍ഗ്രസ് ശ്രമിക്കുന്നത് പകരം പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നതെന്നും സുപ്രിയ ശ്രിനാഥേ പറയുന്നു. അതിനാല്‍ തന്നെ തങ്ങളുടെ പ്രചാരണം പോസിറ്റീവാണെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. വ്യാഴാഴ്ച പുറത്തുവിട്ട് 41 സ്ഥാനാര്‍ത്ഥികളില്‍ 16 പേര്‍ സ്ത്രീകളാണ്. 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 10മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലം മാര്‍ച്ച് 10 ന് പ്രഖ്യാപിക്കും.