Asianet News MalayalamAsianet News Malayalam

പുതുച്ചേരി ഭരണ പ്രതിസന്ധി; നിയമപോരാട്ടത്തിനൊരുങ്ങി കോൺ​ഗ്രസ്

കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് ബിജെപിക്കായി വോട്ട് ചെയ്യാനാകില്ലെന്ന് കോൺ​ഗ്രസ് പറയുന്നു. അവർ ബിജെപി അംഗങ്ങൾ അല്ലെന്നും കോൺ​ഗ്രസ് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ലഫ്.ഗവർണർക്ക് മുഖ്യമന്ത്രി വി നാരായണസ്വാമി കത്ത് അയച്ചു. സഭയിൽ 3 നോമിനേറ്റഡ് അംഗങ്ങളാണ് ഉള്ളത്.

congress to legal fight on puducherry crisis
Author
Puducherry, First Published Feb 20, 2021, 9:17 AM IST

ചെന്നൈ: പുതുച്ചേരി ഭരണ പ്രതിസന്ധിയിൽ കോൺ​ഗ്രസ് നിയമപോരാട്ടത്തിനൊരുങ്ങി. നാമനിർദേശം ചെയ്ത അംഗങ്ങളുടെ വോട്ടവകാശം ചോദ്യം ചെയ്ത് കോടതിയിൽ പോകാനാണ് പാർട്ടിയുടെ തീരുമാനം. നോമിനേറ്റഡ് അംഗങ്ങൾക്ക് മറ്റ് വിഷയങ്ങളില്‍ വോട്ടവകാശമുണ്ടെന്നും എന്നാൽ വിശ്വാസവോട്ടെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്നുമാണ് കോൺ​ഗ്രസിന്റെ വാദം. 

കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് ബിജെപിക്കായി വോട്ട് ചെയ്യാനാകില്ലെന്ന് കോൺ​ഗ്രസ് പറയുന്നു. അവർ ബിജെപി അംഗങ്ങൾ അല്ലെന്നും കോൺ​ഗ്രസ് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ലഫ്.ഗവർണർക്ക് മുഖ്യമന്ത്രി വി നാരായണസ്വാമി കത്ത് അയച്ചു. സഭയിൽ 3 നോമിനേറ്റഡ് അംഗങ്ങളാണ് ഉള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെപ്പോലെ സഭയിൽ പ്രധാന്യം നാമനിർദ്ദേശം ചെയ്യപ്പെട്ട അം​ഗങ്ങൾക്കില്ല എന്നാണ് കോൺ​ഗ്രസ് പറയുന്നത്. അതിനാൽ അവർക്ക് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ലെന്നും കോൺ​ഗ്രസ് ചൂണ്ടിക്കാട്ടുന്നു. പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെയാണ് മൂന്ന് അം​ഗങ്ങളെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ബിജെപി എംഎൽഎമാർ എന്ന് ഇവർ അവകാശപ്പെട്ടാൽ അതോടെ കൂറുമാറ്റ നിരോധനനിയമപ്രകാരം മൂവരും അയോ​ഗ്യരാക്കപ്പെടും എന്നും കോൺ​ഗ്രസ് വാദിക്കുന്നു. 

നിലവിൽ 28 അം​ഗങ്ങളാണ് പുതുച്ചേരി നിയമസഭയിലുള്ളത്. ഇതിൽ 14 അം​ഗങ്ങളുടെ വീതം പിന്തുണയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉള്ളത്. പ്രതിപക്ഷത്തിൽ എൻ ആർ കോൺ​ഗ്രസിൽ ഏഴ് എംഎൽഎമാരും അണ്ണാ ഡിഎംകെയ്ക്ക് നാല് എംഎൽഎമാരുമാണുള്ളത്. അതോടൊപ്പമാണ് നാമനിർദേശം ചെയ്ത മൂന്ന് അം​ഗങ്ങളും ഉള്ളത്. അങ്ങനെയാണ് 14 പേരുടെ പിന്തുണ  എൻ ആർ കോൺ​​ഗ്രസ്-അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് ഉള്ളത്. നാമനിർദേശം ചെയ്യപ്പെട്ട അം​ഗങ്ങൾ മാറിനിന്നാൽ വിശ്വാസവോട്ടെടുപ്പിൽ ഭരണപക്ഷത്തിന് വിജയം അനായാസമാകും. അം​ഗങ്ങളുടെ എണ്ണം 25 ആയി ചുരുങ്ങുകയും കേവലഭൂരിപക്ഷത്തിന് 13 പേരുടെ പിന്തുണ മതി എന്ന അവസ്ഥ വരികയും ചെയ്യും. 

Follow Us:
Download App:
  • android
  • ios