തരൂരിന്‍റെ തുടർ നിലപാടും, പ്രതികരണങ്ങളും നിരീക്ഷിക്കും
ദില്ലി: പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ പാര്‍ട്ടി ഒന്ന് പറയും, ശശി തരൂര്‍ നേര്‍ വിപരീതവും. നിരന്തരം പാര്‍ട്ടി ലൈന്‍ ലംഘിച്ചതോടെയാണ് ഇന്നലെ ചേര്ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ തരൂരിന് താക്കീത് നല്‍കി. പഹല്‍ ഗാം സംഭവത്തിന് പിന്നാലെ നടന്ന മൂന്ന് പ്രവര്‍ത്തക സമിതി യോഗങ്ങളിലൂടെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. അത് തള്ളിയാണ് തരൂര്‍ കേന്ദ്രത്തിന് അനുകൂലമായ നിലപാട് പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് വിമർശനമുയർന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ലൈന്‍ അനുസരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് തൂരിരിന് നല്‍കിയത്.
ശശി തരൂരിനെതിരെ തുടർ നടപടികൾ ഇപ്പോൾ ആലോചനയിലില്ല. പാർട്ടി ലൈൻ മാറുന്നതിലെ അതൃപ്തി താക്കീതിലൊതുക്കും. തരൂരിൻ്റെ തുടർ നിലപാടും, പ്രതികരണങ്ങളും നിരീക്ഷിക്കും. ഇന്നലത്തെ യോഗത്തിൽ നൽകിയത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശമാണെന്നാണ് വിവരം. പഹല്‍ഗാമില്‍ ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് ,ഏത് രാജ്യത്തിനും രഹസ്യാന്വേഷണ വീഴ്ചയുണ്ടാകാമെന്ന് തരൂര്‍ നിലപാടടെടുത്തിരുന്നു. 1971ലെ യുദ്ധ വിജയം ചൂണ്ടിക്കാട്ടി ഇന്ദിര ഗാന്ധിയായിരുന്നു ഇപ്പോഴെങ്കിലെന്ന കോണ്‍ഗ്രസ് പ്രചാരണത്തെ, സാഹചര്യം മാറിയെന്ന ഒറ്റ വാക്ക് കൊണ്ട് തരൂർ വെട്ടിലാക്കി.
ട്രംപിന്‍റെ നിലപാട് തള്ളി മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടല്ല പാകിസ്ഥാന്‍ കാല് പിടിച്ചതു കൊണ്ടാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന മേോദിയുടെ വാദത്തെയും തരൂര്‍ പിന്തുണച്ചു. രാഷ്ട്രീയമില്ല, രാജ്യതാല്‍പര്യം മാത്രമാണെന്ന മറുപടിയിലൂടെയും ശശി തരൂർ നേതൃത്വത്ത പ്രതിസന്ധിയിലാക്കുന്നു. രാഷ്ട്രീയ മാറ്റത്തിന്‍റെ സൂചനയാണോ തരൂര്‍ നല്‍കുന്നതെന്ന ചര്‍ച്ചയും സജീവമാണ്.