മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ഷെട്ടർ ബിജെപിയിൽ വില പേശിയത്. സമാനമായ ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് മുന്നിലും ഷെട്ടർ വയ്ക്കാനാണ് സാധ്യത

ബെംഗളുരു : സീറ്റ് തർക്കത്തെ തുടർ‌ന്ന് ബിജെപിയിൽ നിന്ന് രാജിവെച്ച ജ​ഗദീഷ് ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാൻ ചരട് വലിച്ച് നേതാക്കൾ. പാർട്ടിയിൽ ചേരുന്നതിൽ ഇന്ന് ചർച്ച നടത്തും. പ്രമുഖ ലിംഗായത്ത് നേതാക്കളായ ഷാമനൂർ ശിവശങ്കരപ്പയുമായും എം ബി പാട്ടീലുമായും ഷെട്ടർ ചർച്ച നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി പദവിയോ, ഗവർണർ പദവിയോ നൽകാമെന്ന് ബിജെപി നേതൃത്വം പറഞ്ഞെങ്കിലും ഷെട്ടർ വഴങ്ങിയിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ഷെട്ടർ ബിജെപിയിൽ വില പേശിയത്. സമാനമായ ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് മുന്നിലും ഷെട്ടർ വയ്ക്കാനാണ് സാധ്യത. ബെംഗളുരുവിൽ രാഹുൽ ഗാന്ധി തങ്ങുന്ന ഹോട്ടലിൽ വൈകിട്ട് എത്തി ഷെട്ടർ കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. 

ഇന്നലെ അർധരാത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ജഗദീഷ് ഷെട്ടർ രാജി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്. എന്നാൽ മറ്റ് പാർട്ടികളിൽ അംഗത്വം എടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. 

നേരത്തെ ബിജെപി വിട്ടുവന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവ‍ഡിക്ക് സിറ്റിങ് സീറ്റായ അതാനി സീറ്റ് കോൺഗ്രസ് നൽകിയിരുന്നു. മുതിർന്ന രണ്ട് നേതാക്കളും നിരവധി എംഎൽഎമാരും പ്രവർത്തകരും പാർട്ടി വിട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടെ ബിജെപിയുടെ അവസാന ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന.

അതേസമയം ഇതുവരെ പുറത്തുവന്ന പട്ടികയിൽ ജഗദീഷ് ഷെട്ടറിന്റെ സിറ്റിംഗ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ കോലാറിലെ സിറ്റിംഗ് സീറ്റിൽ സിദ്ദരാമയ്യയ്ക്ക് പകരം കോത്തൂർ ജി മഞ്ജുനാഥിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇ്നന് കോലാറിൽ രാഹുൽ പങ്കെടുത്ത പൊതു സമ്മേളനത്തിൽ ഉണ്ടായ വലിയ ജനപിന്തുണ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. കർണാടകയിൽ കോൺഗ്രസ് വിജയിക്കുമെന്ന് രാഹുൽ പ്രഖ്യാപിക്കുകയും ചെയ്തു. അദാനി - മോദി ബന്ധമെന്ന ആരോപണം വീണ്ടും വീണ്ടും ആവർത്തിക്കുന്നത് കൂടിയായിരുന്നു രാഹുലിന്റെ കോലാറിലെ പ്രസംഗം.

Read More : കോലാറിൽ സിദ്ധരാമയ്യയ്ക്ക് സീറ്റില്ല, മൂന്നാം സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ട് കോൺഗ്രസ്, സാവഡി അതാനിയിൽ