ദില്ലി: ഇന്ത്യ ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരവ് അർപ്പിക്കാൻ കോൺഗ്രസ്. രാജ്യവ്യാപകമായി യോഗങ്ങൾ നടത്തും. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് പരിപാടി. പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.

പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ജില്ലാ അധികാരികൾ വഴി രാഷ്ട്രപതിക്ക് പാർട്ടി ജനപ്രതിനിധികളും, നേതാക്കളും, പ്രവർത്തകരും മെമ്മോറാണ്ടം സമർപ്പിക്കും. ജൂൺ 30 മുതൽ ജൂലൈ 4 വരെയുള്ള ആഴ്ചയിൽ താലൂക്, ബ്ലോക്ക് തലങ്ങളിൽ വ്യാപക പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കാനാണ് തീരുമാനം. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പെട്രോൾ- ഡീസൽ വിലവർധനവിനെതിരെ രാജ്യവ്യാപക കാമ്പയിനും സംഘടിപ്പിക്കുമെന്ന് വേണുഗോപാൽ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുകയെന്നും വേണുഗോപാൽ അറിയിച്ചു.