കർണാടകയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് സീറ്റുകൾ കോൺഗ്രസ് നിലനിർത്തി. ബാഗൽകോട്ടിൽ ഉമേഷ് മേട്ടി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ, ദാവൻഗെരെ സൗത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി വോട്ട് പിടിച്ചത് കോൺഗ്രസിന്റെ ഭൂരിപക്ഷം കുറച്ചു, ഇത് ഒരു ഘട്ടത്തിൽ ബിജെപിക്ക് മുന്നേറ്റം നൽകിയിരുന്നു.

ബെം​ഗളൂരു: കർണാടകയിൽ കോൺ​ഗ്രസിന് ആശ്വാസമായി ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് എന്നീ രണ്ട് സീറ്റുകളും കോൺഗ്രസ് നിലനിർത്തി. രാഷ്ട്രീയത്തിൽ പുതുമുഖവും മുൻ എംഎൽഎ എച്ച് വൈ മേട്ടിയുടെ മകനുമായ ഉമേഷ് മേട്ടിയാണ് ബാ​ഗൽകോട്ടിൽ ജയിച്ചത്. പിതാവ് എച്ച് വൈ മേട്ടിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാർത്ഥിയും മൂന്ന് തവണ എംഎൽഎയുമായ വീരണ്ണ ചരന്തിമത്തിനെതിരെ 21,866 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമേഷ് വിജയിച്ചത്. അതേസമയം, ദാവണഗെരെ സൗത്ത് സീറ്റ് കോൺഗ്രസ് 5,703 വോട്ടുകൾക്ക് നിലനിർത്തി. 

Add Asianetnews as a Preferred SourcegooglePreferred

സമർഥ് ഷാമണൂർ മല്ലികാർജുന് 68,578 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിയുടെ ശ്രീനിവാസ് ടി ദാസകരിയപ്പയ്ക്ക് 63870 വോട്ടുകളും എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് 18975 വോട്ടുകളും ലഭിച്ചു. ഷാമണൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. എസ്ഡിപിഐയുടെ വോട്ട് വർധിച്ചതാണ് കോൺ​ഗ്രസിന് തിരിച്ചടിയായത്. ഒരുഘട്ടത്തിൽ ബിജെപി മുന്നിലായിരുന്നു. മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർഥി വേണമെന്ന് കോൺ​ഗ്രസിലെ നേതാക്കൾ തന്നെ ആവശ്യമുയർത്തിയിരുന്നു.