ലജ്ജാകരം എന്നാണ് പിയൂഷ് ഗോയല്‍ ഈ വീഡിയോ പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചത്. രാജസ്ഥാനിലെ കോൺഗ്രസ് ജംഗിൾരാജിൽ മറ്റ് സ്ത്രീകളുടെ സുരക്ഷ മറന്നേക്കുക, അവരുടെ വനിതാ എംഎൽഎ പോലും സുരക്ഷിതയല്ലെന്നും പിയൂഷ് ഗോയല്‍ കുറിച്ചു.
ദില്ലി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജസ്ഥാനില്‍ സുരക്ഷിതയല്ലെന്നും വാഹനവ്യൂഹം ആക്രമിക്കപ്പെട്ടുവെന്നുമുള്ള കോൺഗ്രസ് എംഎൽഎ ദിവ്യ മദേർണയുടെ വീഡിയോ പങ്കുവെച്ചാണ് പിയൂഷ് ഗോയലിന്‍റെ വിമര്‍ശനം.
''ഞാൻ ഇവിടെ സുരക്ഷിതയല്ല. പൊലീസ് സംരക്ഷണത്തിൽ യാത്ര ചെയ്തിട്ടും എന്‍റെ കാർ 20 സ്ഥലങ്ങളിൽ ആക്രമിക്കപ്പെട്ടു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല'' എന്നാണ് കോണ്‍ഗ്രസ് എംഎല്‍എയായ ദിവ്യ പറയുന്നത്. രണ്ട് ദിവസം മുമ്പ് തനിക്കൊരു ഭീഷണി സന്ദേശം വന്നു. ഇതോടെ സംരക്ഷണത്തിനായി നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ കാർ നിർത്തുകയും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് എസ്പിയോട് പറയുകയും ചെയ്തു.
എന്നാൽ കൃത്യമായ ക്രമീകരണങ്ങളുണ്ടെന്നാണ് എസ്പി ഉറപ്പ് നൽകിയത്. എന്നിട്ടും ആക്രമിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. ലജ്ജാകരം എന്നാണ് പിയൂഷ് ഗോയല്‍ ഈ വീഡിയോ പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചത്. രാജസ്ഥാനിലെ കോൺഗ്രസ് ജംഗിൾരാജിൽ മറ്റ് സ്ത്രീകളുടെ സുരക്ഷ മറന്നേക്കുക, അവരുടെ വനിതാ എംഎൽഎ പോലും സുരക്ഷിതയല്ലെന്നും പിയൂഷ് ഗോയല്‍ കുറിച്ചു. കോൺഗ്രസ് ഭരണത്തിൽ കോൺഗ്രസ് എംഎൽഎമാർ പോലും ഭയപ്പെടുമ്പോൾ പൊതുസമൂഹത്തിന് എന്ത് സംഭവിക്കും എന്നാണ് ബിജെപി രാജസ്ഥാൻ ഘടകം ട്വീറ്റ് ചെയ്തത്. ഈ വിഷയം ഉയര്‍ത്തി ബിജെപി പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.
അതേസമയം, വസ്തു തര്‍ക്കത്തിന് പിന്നാലെ ജോധ്പൂരില്‍ നാലംഗ കര്‍ഷക കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലും രാജസ്ഥാനിൽ പ്രതിഷേധം കത്തുകയാണ്. ആറ് മാസം പ്രായമുള്ള പിഞ്ചു ബാലിക അടക്കം നാല് പേരാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. 55 കാരനായ ഗൃഹനാഥന്‍ പുനറാം, 50 കാരിയായ ഭാര്യ ഭന്‍വ്രി , 24കാരിയായ മരുമകള്‍ ധാപു, ആറ് മാസം പ്രായമുള്ള പേരക്കുട്ടി എന്നിവരെയാണ് ഇന്നലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വച്ച് തീയിട്ട നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഗ്വാളും എംപിയായ രാജ്യവർധൻ സിങ് രാഥോഡ് അടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നു.

