ദില്ലി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകന്‍റെ ആത്മഹത്യ ശ്രമം. അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തിൽ നിന്ന് രാഹുൽ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകൻ എഐസിസി ഓഫീസിന് മുന്നിലെ മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. പൊലീസുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു. 

അതേ സമയം രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പദവികള്‍ ഒഴിയാന്‍  സന്നദ്ധരാണെന്ന് രാഹുലുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാരും വ്യക്തമാക്കി. ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും പറഞ്ഞു. എന്നാൽ, രാഹുലിന്‍റെ നിലപാടിൽ മാറ്റമുണ്ടായിരുന്നില്ല.