ബെംഗളൂരുവില്‍ കോൺഗ്രസിനുള്ളിലെ വിഭാഗീയതയാണ് ഓഗസ്റ്റ് 11ന് രാത്രി നടന്ന വ്യാപക അക്രമത്തിന് കാരണമായതെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

ബെംഗളൂരു: ബെംഗളൂരു അക്രമക്കേസില്‍ അന്വേഷണം കോൺഗ്രസ് പ്രവർത്തകരിലേക്കും നീളുന്നു. കോൺഗ്രസിനുള്ളിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമായതെന്ന ബിജെപി ആരോപണത്തിന് ബലം പകരുന്നതാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കങ്ങൾ. അതേസമയം ബെംഗളൂരു പൊലീസ് ബിജെപിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

ബെംഗളൂരുവില്‍ കോൺഗ്രസിനുള്ളിലെ വിഭാഗീയതയാണ് ഓഗസ്റ്റ് 11ന് രാത്രി നടന്ന വ്യാപക അക്രമത്തിന് കാരണമായതെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. 2018ല്‍ ജെഡിഎസ് വിട്ട് കോൺഗ്രസിലേക്ക് വന്ന അഖണ്ഡശ്രീനിവാസ മൂർത്തിക്ക് എംഎല്‍എ സ്ഥാനം നല്‍കിയതുമുതല്‍ തുടങ്ങിയ രാഷ്ട്രീയപോരാണ് മൂന്നുപേരുടെ മരണത്തില്‍ കലാശിച്ച അക്രമത്തിന് കാരണമായതെന്ന് ബിജെപി ആരോപിക്കുന്നു. 

അഖണ്ഡശ്രീനിവാസ മൂർത്തി പൊലീസിന് നല്‍കിയ പരാതിയിലും മൂന്ന് കോൺഗ്രസ് നേതാക്കൾ ഗൂഡാലോചനയില്‍ ഉൾപ്പെട്ടെന്ന് പറയുന്നുണ്ട്. ഈ പരാതിയില്‍ ബെംഗളൂരു മുന്‍മേയറും കോൺഗ്രസ് നേതാവുമായ സന്പത് രാജിനെ പോലീസ് കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇയാളുടെ ഒരു പേഴ്സണല്‍ സ്റ്റാഫംഗത്തെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുന്‍പ് ഇയാൾ അക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയെന്ന് കണ്ടെത്തിയ എസ്ഡിപിഐ ജില്ലാ സെക്രട്ടറിയായ മുസമ്മില്‍ പാഷമക്സൂദിനെ ഫോണില്‍ നിരന്തരം വിളിച്ചിരുന്നെന്നും പൊലീസ്കണ്ടെത്തി.

ബെംഗളൂരു കോർപ്പറേഷന്‍ മുനേശ്വര വാർഡ് മെംബറും കോൺഗ്രസ് നേതാവുമായ സാജിദ സെയ്ദിന്‍റെ ഭർത്താവ് സെയ്ദ് നാസറിനെയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ മറ്റൊരു കോൺഗ്രസ് വാ‍ർഡ് മെംബറുടെ ഭർത്താവായ കലീം പാഷയെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

415 പേരാണ് കേസില്‍ ഇതുവരെ അറസ്ററിലായത്. ബെംഗളൂരു കമ്മീഷണർ കമല്‍പന്തിന്‍റെ മേല്‍നോട്ടത്തില്‍ 4 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായവരില് 27 പേർ തീവ്ര സംഘടനകളുമായി നേരിട്ട് ബന്ധമുള്ളവരാണെന്നും പൊലീസ് പറയുന്നു. ഇതോടെ അക്രമം കോൺഗ്രസ് ഗൂഡാലോചനയാണെന്ന ആരോപണം ശ്കതമാക്കുകയാണ് ബിജെപി. എന്നാല്‍ ബെംഗളൂരു കമ്മീഷണർ ബിജെപിക്കുവേണ്ടിയാണ് കേസന്വേഷിക്കുന്നതെന്ന് ആരോപിച്ച ഡി.കെ. ശിവകുമാ‍ർ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വേട്ടയാടുകയാണെന്നും പറഞ്ഞു. വരും ദിവസങ്ങളിലും അക്രമികളുടെ രാഷ്ട്രീയബന്ധങ്ങൾ കർണാടകത്തില്‍ സജീവ ചർച്ചയാകും.