തെരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാനാണ് യോ​ഗം ചേരുന്നതെങ്കിലും വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിക്കാമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന യോ​ഗത്തിലും ​ഗ്രൂപ്പ് 23 നേതാക്കൾ, ഇനി ​ഗാന്ധി കുടുംബം നേതൃസ്ഥാനത്തുണ്ടാവരുത് എന്ന കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ നാളെ കോൺ​ഗ്രസ് പ്രവർത്തക സമിതി (CWC) യോ​ഗം ചേരും. വൈകിട്ട് നാല് മണിക്കാണ് യോ​ഗം. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സോണിയ ഗാന്ധി കോൺ​ഗ്രസിന്റെ നയ രൂപീകരണ സമിതി യോഗവും വിളിച്ചിട്ടുണ്ട്. നാളെ രാവിലെ 10. 30ന് സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് നയ രൂപീകരണ സമിതി യോഗം.

തെരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാനാണ് യോ​ഗം ചേരുന്നതെങ്കിലും വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിക്കാമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന യോ​ഗത്തിലും ​ഗ്രൂപ്പ് 23 (Group 23) നേതാക്കൾ, ഇനി ​ഗാന്ധി കുടുംബം നേതൃസ്ഥാനത്തുണ്ടാവരുത് എന്ന കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. പകരം ഫോർമുല എന്ന രീതിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗലോട്ടിനെ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാർ​ജുന ഖാ​ർ​ഗെയെ പാർലമെന്ററി പാർട്ടി നേതാവാക്കാനുമുള്ള ഒരു നിർദ്ദേശം ​ഗാന്ധി കുടുംബം മുന്നോട്ട് വെക്കാൻ സാധ്യതയുണ്ട്. ഇത് അം​ഗീകരിക്കരുതെന്നും ​ഗ്രൂപ്പ് 23 നേതാക്കൾ തീരുമാനമെടുത്തിട്ടുണ്ട്. 

സംഘടനാ തെരഞ്ഞെടുപ്പ് നടത്തി സെപ്റ്റംബറിലേക്ക് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഇത് കുറച്ച് കൂടി നേരത്തെയാകാനുള്ള സാധ്യതയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനവും നാളത്തെ പ്രവർത്തകസമിതിയിൽ ഉണ്ടായേക്കും. 

'നെഹ്റു കുടുംബത്തിന്‍റെ ഫോര്‍മുല അംഗീകരിക്കില്ല'; നേതൃ മാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കള്‍

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ (Congress) നേതൃമാറ്റ ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ദില്ലിയില്‍ ഗുലാം നബി ആസാദിന്‍റെ (Ghulam Nabi Azad) വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ പ്രവർത്തക സമിതി ചേരുന്നതിൽ മൗനം തുടരുകയാണ് നേതൃത്വം.

ഒന്നിന് പിന്നാലെ ഒന്നായി ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്‍റെ വീട്ടില്‍ ഒത്തു കൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്‍മാറണം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ആലോചന. 

ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്‍റെ തീരുമാനം. ഇക്കഴിഞ്ഞ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും ഏകപക്ഷീയമായിരുന്നു. തോല്‍വിക്ക് പ്രധാനകാരണമായി നേതാക്കള്‍ വിലയിരുത്തി.

Read Also: യുപിയിൽ 97% കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും കെട്ടി വച്ച കാശ് പോയി!