Asianet News MalayalamAsianet News Malayalam

രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റിവച്ചു

കാവൽക്കാരൻ കള്ളനാണെന്ന് കോടതി കണ്ടെത്തിയെന്ന് പറഞ്ഞതിന് രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുലിന് താക്കീത് നൽകുകയോ അദ്ദേഹത്തെ ജയിൽ അടയ്ക്കുകയോ വേണമെന്നും റോത്തഗി ആവശ്യപ്പെട്ടു. രാഹുൽ എഴുതി നൽകിയ ക്ഷമാപണം അംഗീകരിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നായിരുന്നു സിംഗ്‍വിയുടെ ആവശ്യം.

contempt of court case against rahul gandhi postponed for verdict
Author
Delhi, First Published May 10, 2019, 4:32 PM IST


ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർത്തിൻമേലുള്ള കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റിവച്ചു. 'കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതി കണ്ടെത്തി' എന്ന രാഹുലിന്‍റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് കാട്ടിയാണ് ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിച്ചത്.

രാഹുൽ ഗാന്ധിയുടെ പരാമർശം കോടതിയലക്ഷ്യം ആണെന്ന് കണ്ടെത്തിയ സുപ്രീം കോടതി കഴിഞ്ഞ ദിവസം മാപ്പെഴുതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ആദ്യം ഖേദം പ്രകടിപ്പിച്ച് സത്യവാങ്മൂലം സമർപ്പിച്ച രാഹുൽ ഗാന്ധി കോടതിയുടെ വിമർശനത്തെ തുടർന്ന് പരാമർശത്തിൽ നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. രാഹുലിന്‍റെ മാപ്പപേക്ഷ ആത്മാർഥത ഇല്ലാത്തതാണെന്നും ഇത് സ്വീകരിക്കരുതെന്നും മീനാക്ഷി ലേഖിയുടെ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. കോടതിയുടെ നോട്ടീസ് ലഭിക്കും മുൻപ് തന്നെ ഖേദം അറിയിച്ചിട്ടുണ്ട് എന്നായിരുന്നു രാഹുലിന്‍റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‍വിയുടെ വിശദീകരണം.

കാവൽക്കാരൻ കള്ളനാണെന്ന് കോടതി കണ്ടെത്തിയെന്ന് പറഞ്ഞതിന് രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുലിന് താക്കീത് നൽകുകയോ അദ്ദേഹത്തെ ജയിൽ അടയ്ക്കുകയോ വേണമെന്നും റോത്തഗി ആവശ്യപ്പെട്ടു. രാഹുൽ എഴുതി നൽകിയ ക്ഷമാപണം അംഗീകരിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നായിരുന്നു സിംഗ്‍വിയുടെ ആവശ്യം. രണ്ടാഴ്ചയ്ക്കകം വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ഇതോടെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസിൽ വിധിയുണ്ടാവുക എന്ന് ഉറപ്പായി. അതേസമയം റഫാൽ കേസിലെ വിധിയും തെരഞ്ഞെടുപ്പിന് ശേഷമാകും ഉണ്ടാവുക. രണ്ട് കേസുകളും മുമ്പും പുറകെയുമായാണ് ഇന്ന് കോടതി പരിഗണിച്ചത്.

Follow Us:
Download App:
  • android
  • ios