അവധിയില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതും വളരെ തുച്ഛമായ വേതനം ലഭിക്കുന്ന അവസ്ഥയും ഇഎസ്ഐ, പിഎഫ് അടക്കമുള്ള കാര്യങ്ങളേക്കുറിച്ചും സാലറി സ്ലിപ്പ് പോലും ലഭിക്കാതെ ജോലി ചെയ്യണ്ട അവസ്ഥയേക്കുറിച്ചും തൊഴിലാളികള്‍ തുറന്ന് പറഞ്ഞത് വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്

മധുര: കരാര്‍ തൊഴിലാളികളെ വെറും കൈ ഉപയോഗിച്ച് ട്രെയിനിലെ ശുചിമുറികള്‍ കഴുകിച്ചതായി പരാതി. മധുര ഡിവിഷന് കീഴിലുള്ള കരാര്‍ തൊഴിലാളികളേക്കൊണ്ടാണ് ട്രെയിനിലെ ശുചിമുറികള്‍ ​ഗ്ലൗസ് പോലുമില്ലാതെ വൃത്തിയാക്കിച്ചത്. ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തവരാണ് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ തയ്യാറാവാതിരുന്നത്.

തിങ്കളാഴ്ച മധുരയില്‍ നടന്ന യോഗത്തില്‍ ശുചീകരണ തൊഴിലാളികളുടെ ദേശീയ കമ്മീഷന്‍ ചെയര്‍മാന് ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകളാണ് തൊഴിലാളികള്‍ നല്‍കിയത്. തൊഴിലിടത്തിലെ വീഡിയോ പ്രദര്‍ശിപ്പിച്ചത് യോഗത്തിനിടെ സംഘര്‍ഷത്തിനും കാരണമായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുതിര്‍ന്ന റെയില്‍വേ അധികാരികളും കമ്മീഷനും തമ്മില്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ക്കും പുറത്ത് വന്ന വീഡിയോ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധുരയിലെ റെയില്‍വേ കല്യാണ മണ്ഡപത്തില്‍ വച്ച് നടന്ന യോഗത്തില്‍ ശുചീകരണ തൊഴിലാളികളുടെ ദേശീയ കമ്മീഷന്‍ ചെയര്‍മാനായ എം വെങ്കിടേശന്‍റെ സാന്നിധ്യത്തിലാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്.

എം വെങ്കിടേശന്‍ കരാര്‍ കമ്പനികളുടെ സൂപ്പര്‍വൈസര്‍മാരോടും മാനേജര്‍മാരോടും പുറത്ത് പോകാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു തൊഴിലാളികളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇതിന് പിന്നാലെ തൊഴിലാളികളോട് തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന് പറയാനും എം വെങ്കിടേശന്‍ ആവശ്യപ്പെട്ടു. പിന്നാലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദമാക്കുകയായിരുന്നു. അവധിയില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതും വളരെ തുച്ഛമായ വേതനം ലഭിക്കുന്ന അവസ്ഥയും ഇഎസ്ഐ, പിഎഫ് അടക്കമുള്ള കാര്യങ്ങളേക്കുറിച്ചും സാലറി സ്ലിപ്പ് പോലും ലഭിക്കാതെ ജോലി ചെയ്യണ്ട അവസ്ഥയേക്കുറിച്ചും തൊഴിലാളികള്‍ പരാതിപ്പെടുകയായിരുന്നു. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player