Asianet News MalayalamAsianet News Malayalam

യാഗം നടത്തിയാല്‍ മതി, കൊവിഡ് മൂന്നാം തരംഗം ഇന്ത്യയെ തൊടില്ല ; മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂര്‍; വിവാദം

ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പരസ്യമായ പൂജ നടത്തിക്കൊണ്ട് ഉഷ ഥാക്കൂര്‍ കഴിഞ്ഞ മാസം വിവാദത്തിലുൾപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടിലുള്ള ദേവി അഹില്യ ഭായ് ഹോക്കറുടെ പ്രതിമയ്ക്ക് മുമ്പില്‍ വച്ചായിരുന്നു പൂജ. 

controversial statement from minister Usha Thakur on covid pandemic
Author
Indore, First Published May 12, 2021, 12:28 PM IST

ഇൻഡോർ: നാലു ദിവസത്തെ യാ​ഗം നടത്തിയാൽ കൊവിഡിന്റെ മൂന്നാം തരം​ഗം ഇന്ത്യയെ ബാധിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂർ. കൊവിഡിന്റെ രണ്ടാം വരവിൽ ദുരിതമനുഭവിക്കുകയാണ് ഇന്ത്യ. ആരോ​ഗ്യമേഖലയിൽ കനത്ത പ്രതിസന്ധിയാണ് കൊവിഡ് മൂലം സംഭവിച്ചിരിക്കുന്നത്. ദുഷ്കരമായ സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണ് മഹാമാരിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വിവാദ പ്രസ്താവന.

ഇൻഡോറിലെ കൊവിഡ് കെയർ സെന്റർ ഉദ്ഘാടന വേളയിലാണ് ഉഷാ താക്കൂറിന്റെ വിവാദ പരാമർശം. ''പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലുദിവസത്തെ യാ​ഗം നടത്തുക. ഇതാണ് യജ്ഞ ചികിത്സ. നമ്മുടെ പൂർവ്വികർ മഹാമാരികളിൽ നിന്ന് രക്ഷ നേടാനായി യാ​ഗ ചികിത്സ നടത്താറുണ്ടായിരുന്നു. ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. കൊവിഡിന്റെ മൂന്നാം തരം​ഗം ഇന്ത്യയെ സ്പർശിക്കുക പോലുമില്ല. വിദ​ഗ്ധരുടെ അഭിപ്രായത്തിൽ കൊവിഡിന്റെ മൂന്നാ തരം​ഗം ആദ്യം കുട്ടികളെയാണ് ബാധിക്കുക. ഇതിനായി മധ്യപ്രേദശ് സർക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. മഹാമാരിയെ ഞങ്ങൾ വിജയകരമായി മറികടക്കും.'' ഉഷാ താക്കൂർ വിശദമാക്കി.

ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പരസ്യമായ പൂജ നടത്തിക്കൊണ്ട് ഉഷ ഥാക്കൂര്‍ കഴിഞ്ഞ മാസം വിവാദത്തിലുൾപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടിലുള്ള ദേവി അഹില്യ ഭായ് ഹോക്കറുടെ പ്രതിമയ്ക്ക് മുമ്പില്‍ വച്ചായിരുന്നു പൂജ. എയര്‍പോര്‍ട്ട് ഡയറക്ടറും ജീവനക്കാരുമടക്കം ഉള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഫേസ് മാസ്‌ക് ധരിക്കാതെയാണ് ബിജെപി മന്ത്രിയായ ഉഷ ഥാക്കൂര്‍ പൂജയില്‍ പങ്കെടുത്തത്. ഇതും വലിയ തോതില്‍ വിമര്‍ശനത്തിന് കാരണമായി. 

മുമ്പും മാസ്‌ക് ധരിക്കാത്തത് മൂലം മന്ത്രി ഉഷ താക്കൂറിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും മാസ്‌ക് ധരിക്കാതെ നടക്കുന്ന മന്ത്രിയെ പലപ്പോഴും പലരും ചോദ്യം ചെയ്തിട്ടുമുണ്ട്. പതിവായി പലവിധ പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. ചാണകം കൊണ്ട് നിര്‍മ്മിച്ച 'കൗ ഡങ് കേക്ക്' ഒരെണ്ണം കത്തിച്ച് പൂജ നടത്തിയാല്‍ 12 മണിക്കൂര്‍ നേരത്തേക്ക് വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കും എന്നായിരുന്നു അന്ന് വിശദീകരണത്തിനൊപ്പം മന്ത്രി പറഞ്ഞത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios